അറബിക്കടലില്‍ എംഎസ്‌സി എൽസ 3 കപ്പൽ പൂർണ്ണമായും മുങ്ങി, പരിസ്ഥിതി നാശം ഭീകരമെന്ന് റിപ്പോർട്ട്

0
986

അറബിക്കടലില്‍ വീണ കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന കണ്ടയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്ത് അടിയാന്‍ സാധ്യതയുണ്ട്

കൊച്ചി: കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽനിന്നു മാറ്റിയിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു.

നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി.
ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.

കണ്ടെയ്നർ അടിയാൻ കൂടുതൽ സാധ്യതയുള്ള സ്ഥലം. ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമെന്നു കരുതുന്നു.

അതേസമയം അറബിക്കടലില്‍ വീണ കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന കണ്ടയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്ത് അടിയാന്‍ സാധ്യതയുണ്ട്. അപകടകരമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കണ്ടയ്‌നറുകള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തടിഞ്ഞാല്‍ കണ്ടയ്‌നറുകള്‍ സ്പര്‍ശിക്കാനോ, അതിന് അടുത്ത് പോവാനോ പാടില്ലെന്നാണ് നിര്‍ദേശം. 


കണ്ടയ്‌നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടയ്‌നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.