നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് പുറത്തിറക്കും.

നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ കാദി (എസ് സി), വിസാവദര്‍, പഞ്ചാബിലെ ലുധിയാന, വെസ്റ്റ് ബംഗാളിലെ കാളിഗഞ്ച്, കേരളത്തില്‍ നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിനം ജൂണ്‍ 02. സുക്ഷ്മപരിശോധന ജൂണ്‍ 3ന് നടത്തും. ജൂണ്‍ 5നുള്ളില്‍ നോമിനേഷന്‍ പിന്‍വലിക്കാം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതുവരെ നാല് ഉപതെരഞ്ഞെടുപ്പുകള്‍ക്കാണ് കേരളം സാക്ഷിയായത്. ഇതില്‍ മൂന്നിടത്ത് യുഡിഎഫ് വിജയം നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയിലെ സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയം.

മുന്നണിയുമായി തെറ്റിപിരിഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ആര്യാടന്‍ മുഹമ്മദിലൂടെ യുഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റിലാണ് സിപിഎം പിന്തുണയില്‍ അന്‍വര്‍ ജയിച്ച് കയറിയത്. തുടര്‍ന്ന് 9 വര്‍ഷം മണ്ഡലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇരുമുന്നണികള്‍ക്കും ഉപതെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്.