മൂന്നു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇരുപതുകാരന് 40 വർഷം കഠിനതടവ്. പറവൂർ നന്ത്യാട്ടുകുന്നം കീഴോത്തുപറമ്പ് കോളനിയിൽ അഖിൽ കൃഷ്ണനാണ് (20) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. തടവിന് പുറമേ, 40,000 രൂപ പിഴയും വിധിച്ചു.
പിഴത്തുക ഒടുക്കിയില്ലെങ്കില്‍, ഒരു വർഷം അധികതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് കൈമാറണമെന്നും വിധിയില്‍ പറയുന്നു. 2023 ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മ കുട്ടിയുമായി പറവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും 7 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.
