തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.
തൃശ്ശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂരയാണ് പറന്നു താഴെ വീണത്. മേൽക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും കോർപ്പറേഷൻ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് ഇരുമ്പ് മേൽക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അഴിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റിൽ മേൽക്കൂര ഇളകി റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കി.





