സ്ത്രീകളുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ പ്രദർശിപ്പിച്ചു; ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെ നടപടി

ബെംഗളുരു: മെട്രോയിൽ സഞ്ചരിച്ച സ്ത്രീകളുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ പ്രദർശിപ്പിച്ച ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെ നടപടി. ബെംഗളുരു മെട്രോയിൽ യാത്ര ചെയ്ത സ്ത്രീകളുടെ വിഡിയോയാണ് അവരുടെ അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റ​ഗ്രാമിലൂടെ പ്രദർശിപ്പിച്ചത്. മെട്രാ ചിക്സ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരികളായ സ്ത്രീകളുടെ വിഡിയോകൾ പ്രദർശിപ്പിച്ചത്.

അക്കൗണ്ടിന്റെ ഉടമ ആരാണെന്ന് ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മോശമായ രീതിയിൽ സ്ത്രീകളുടെ അനുവാദമില്ലാതെ എടുത്ത വിഡിയോകൾ പ്രദർശിപ്പിക്കുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടാണ് ബം​ഗ്ലൂരു മെട്രോ ചിക്സ്. മെട്രാ ചിക്സ് എന്ന പേരിലുള്ള അക്കൗണ്ട് എക്സിലൂടെ ഒരു യുവാവാണ് ബെംഗളുരു പൊലീസിന്റെ ശ്രദ്ധയിൽ എത്തിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും ഇയാൾ പൊലിസിനെ ടാ​ഗ് ചെയ്ത് എക്സിൽ കുറിച്ചിരുന്നു. തുടർന്ന് തെക്കൻ ബെംഗളുരു ബനശങ്കാരി പൊലീസ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

എക്സിലൂടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതായി ഡിസിപി ലോകേഷ് ബി ജ​ഗൽസർ യുവാവിന് മറുപടിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മെട്രോ യാത്രക്കാരായ സ്ത്രീകൾ അറിയാതെ എടുത്ത പതിമൂന്ന് വിഡിയോകൾ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും പൊലീസ് നീക്കി. 5948 ആളുകളാണ് ഈ പേജിനെ ഫോളോ ചെയ്യുന്നത്. മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ അറിയാതെ പ്ലാറ്റ്ഫോമിൽ നിന്നും മെട്രോ ട്രെയിനിന് ഉള്ളിൽ നിന്നുമൊക്കെയാണ് വിഡിയോകൾ പകർത്തി പ്രചരിപ്പിക്കുന്നത്.