ജിദ്ദ വിമാനത്താവളത്തില്‍ റെക്കോര്‍ഡ് താപനില; 46 ഡിഗ്രി സെല്‍ഷ്യസ്

ജിദ്ദ: ജിദ്ദ വിമാനത്താവളത്തില്‍ റെക്കോര്‍ഡ് താപനില. കിഴക്കന്‍ ഭാഗത്തുനിന്നുള്ള അതിശക്തമായ കാറ്റ് പൊടി പാറാനും അസഹനീയ ചൂടിനും കാരണമായി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 46 ഡിഗ്രി സെല്‍ഷ്യസ് എന്ന അസാധാരണമായ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

ഈ സീസണില്‍ ഇത് ആദ്യമായാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നത്. കിഴക്കുനിന്ന് വീശിയ ശക്തമായ പൊടിപടലമാണ് ഈ താപനില വര്‍ദ്ധനവിന് കാരണം. ഇത് മക്ക മേഖലയിലെയും ജിദ്ദ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെയും അന്തരീക്ഷത്തെ ബാധിച്ചു. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അസൗകര്യമുണ്ടാക്കുന്ന തരത്തിലുള്ള അത്യുഷ്ണം നിറഞ്ഞതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

അറബ് വെതര്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ഈ താപനില വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം കിഴക്കന്‍ ദിശയില്‍ നിന്നുള്ള വരണ്ട കാറ്റിന്റെ ശക്തമായ സാന്നിധ്യമാണ്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള അത്യുഷ്ണം നിറഞ്ഞതും വരണ്ടതുമായ മരുഭൂമിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത് മക്കയിലെ പര്‍വതനിരകളെ കടന്നുപോകുമ്പോള്‍ താപനില ഗണ്യമായി വര്‍ദ്ധിക്കുകയും ജിദ്ദ നഗരത്തിലേക്ക് വീശുമ്പോള്‍ മിതമായ കാലാവസ്ഥയെ അത്യുഷ്ണത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് കിഴക്കന്‍ കാറ്റ് ചൊവ്വാഴ്ച മുതല്‍ പിന്‍വാങ്ങാന്‍ തുടങ്ങുമെന്നാണ്. പകരം ചെങ്കടലില്‍നിന്ന് വരുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ തുടങ്ങും. ഈ കാറ്റ് ചൂടിനെ ലഘൂകരിക്കുകയും താപനില 40 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ താഴെയോ എത്താന്‍ സഹായിക്കുമെന്നും നിലവില്‍ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.