വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിൻ്റെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. സിബിഐ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് നടപടി.
ഹർജിക്കാർക്കെതിരെ സിബിഐ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചത് ഏതു സാഹചര്യത്തിലാണെന്നും കോടതി ആരാഞ്ഞു. ഏപ്രിൽ രണ്ടിനായിരുന്നു മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇവർക്ക് ഇളവ് നൽകിയിരുന്നു.
മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു കേസിൽ സിബിഐ കുറ്റപത്രം സമർപിച്ചത്. രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ ആറിലും ഇവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നായിരുന്നു സിബിഐ കുറ്റപത്രം.
