തൊട്ടടുത്ത കടയില്‍ നിന്ന് 2.26 ലക്ഷം മോഷ്ടിച്ചു; സ്വന്തം കടയിലും മോഷണമെന്ന് കള്ളപരാതി; ഒടുവില്‍ അറസ്റ്റ്

0
1479

സമീപത്തെ കടയിൽ മോഷണം നടത്തി, അത് പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം കടയില്‍ നിന്ന് പണം മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. അവസാനം വടികൊടുത്ത് അടിവാങ്ങിയവന്‍റെ അവസ്ഥയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി പൂതാനി സ്വദേശിയും ചെറൂട്ടിറോഡ് ഗസൽ കംപ്യൂട്ടറൈസ്ഡ് എംബ്രായിഡറി ഷോപ് നടത്തിപ്പുക്കാരനുമായ സൈഫുദ്ദീൻ(36) ആണ് കുടുങ്ങിയത്. 

കഴിഞ്ഞ മാസം 27 നാണ് സംഭവം. ചെറൂട്ടി റോഡിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് കടകള്‍. അതില്‍ ആർട് കോ ലിമിറ്റഡ് എന്ന സ്ഥാപനത്തിലും പ്രതി നടത്തുന്ന തൊട്ടു മുകളിലെ നിലയിലെ സ്ഥാപനത്തിലുമാണ് മോഷണം നടത്തിയത്. താഴെ നിലയിലുള്ള സ്ഥാപനത്തിൽ നിന്നു 2,26,000 രൂപ നഷ്ടപ്പെട്ടതിൽ ഉടമ ടൗൺ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതി ബുദ്ധിപരമായി നീങ്ങി. സ്വന്തം കടയിൽ നിന്നു 3,75,000 രൂപ നഷ്ടപ്പെട്ടെന്നു പരാതിയുമായെത്തി. തുടർന്നു പൊലീസ് സിസിടിവി പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ചു സൂചന ലഭിച്ചില്ല. 

‌ഒടുവിൽ രണ്ടു സ്ഥാപനങ്ങളിലേയും ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിനിടയിൽ സൈഫുദ്ദീൻ മോഷണ ദിവസം മറ്റൊരു ജീവനക്കാരന്‍റെ വീട്ടിൽ പോയതാണെന്നു പറഞ്ഞു. എന്നാല്‍ ആ ജീവനക്കാരനെ പലതവണ ചോദ്യം ചെയ്തതിൽ നിന്ന് സൈഫുദ്ദീൻ വീട്ടിൽ എത്തിയില്ലെന്നു വ്യക്തമായി. മാത്രമല്ല സൈഫുദ്ദീന്റെ കടയിൽ നിന്നു നഷ്ടപ്പെട്ട പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ കഴിയാതെ പോയത് പൊലീസിന് സംശയമുണ്ടാക്കി.

തുടർന്നു വീണ്ടും സിസിടിവി ദൃശ്യം ഉപയോഗിച്ചു സൈഫുദ്ദീന്റെയും സിസിടിവി ദൃശ്യത്തിലേയും ശാരീരിക ചലനങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു  നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

മോഷണം തനിച്ചാണ് നടത്തിയെതെന്നും ഇതിനായി ഒന്നരമാസം പ്ലാൻ ചെയ്തതായും പ്രതി പൊലീസിനോടു സമ്മതിച്ചു. പലതവണയായി 500 രൂപയ്ക്ക് ചില്ലറ വാങ്ങാനെന്ന് പറഞ്ഞ് പ്രതി ആർട് കോ ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് പോകുമായിരുന്നു. അങ്ങനെ അത് പതിവാക്കി തുടര്‍ന്ന് പണം എവിടെയാണ് സൂക്ഷിക്കുന്നതെന്നു മനസ്സിലാക്കി. അങ്ങനെ 27 ന് രാത്രി കടയുടെ ഷട്ടർ പൂട്ടു തകർത്ത് 2,26,000 രൂപ മോഷ്ടിച്ചു. പിടിക്കപ്പെടാതിരിക്കാനാണ് സ്വന്തം സ്ഥാപനത്തിലും മോഷണം നടത്തിയതായി കാണിച്ചു പരാതി നൽകി. അവസാനം കള്ളന്‍ കപ്പലില്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.