ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്ന രണ്ടുപേര്‍ വൈറ്റ് ഹൗസ് ഉപദേശക സമിതിയില്‍

ലഷ്കറെ ത്വയ്ബ, ജിഹാദി പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്ന രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം. യുഎസില്‍ നിന്നുള്ള ഇസ്മായില്‍ റോയെര്‍, ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മീഷന്‍ ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ഇസ്മായില്‍ റോയെര്‍. ജിഹാദി പ്രവര്‍ത്തനങ്ങളുമായും ഭീകര സംഘടനകളുമായും ബന്ധമുണ്ടായിരുന്ന ആളാണ് ഷെയ്ഖ് ഹംസ യൂസഫ്. ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്.

റെന്‍ഡെല്‍ റോയെര്‍ 2000ലാണ് ഇസ്ലാം മതം സ്വീകരിച്ച് ഇസ്മായില്‍ റോയെര്‍ എന്ന പേര് സ്വീകരിച്ചത്. 2000ല്‍ പാകിസ്ഥാനിലെ ലഷ്കറെ ക്യാംപുകളില്‍ റോയെര്‍ പരിശീലനം നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുഎസിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനും, അല്‍ ഖ്വയ്ദക്കും ലഷ്കറെ ത്വയ്ബയ്ക്കും സഹായങ്ങള്‍ നല്‍കിയതിനും 2003ല്‍ റോയെര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. കുറ്റസമ്മതത്തിനൊടുവില്‍, 2004ല്‍ യുഎസ് കോടതി റോയെര്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ 13 വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം മോചിപ്പിക്കപ്പെട്ടു.

ഒപ്പം അറസ്റ്റിലായ മസൂദ് ഖാൻ, യോങ് കി ക്വോന്‍, മുഹമ്മദ് ആതിഖ്, ഖ്വാജ മഹ്‌മൂദ് ഹസൻ എന്നിവര്‍ക്ക് പാകിസ്ഥാനിലെ ലഷ്കറെ ത്വയ്ബ പരിശീലന ക്യാംപില്‍ എത്താന്‍ സഹായം ചെയ്തിരുന്നതായി റോയെര്‍ കുറ്റസമ്മതം നടത്തിയിരുന്നു. സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ ഉൾപ്പെടെ വിവിധ ആയുധങ്ങൾ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു. കൂട്ടുപ്രതിയായ ഇബ്രാഹിം അഹമ്മദ് അൽ ഹംദിയെയും ലഷ്കറെ ക്യാംപില്‍ എത്തിച്ചിരുന്നു.

ഇന്ത്യക്കെതിരെ സൈനിക നടപടികൾ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിക്കുന്നതിൽ അഹമ്മദ് അൽ ഹംദിക്ക് പരിശീലനം ലഭിച്ചത് അവിടെ നിന്നാണെന്നും റോയെര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, സൈതുന കോളേജ് സഹസ്ഥാപകനായ ഷെയ്ഖ് ഹംസ യൂസഫിന് ഇസ്ലാമിക ജിഹാദികളുമായും നിരോധിത ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്നാണ് ആരോപണം.

റോയെര്‍ നിലവില്‍ റിലീജിയസ്‍ ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇസ്ലാം ആന്‍ഡ് റിലീജിയസ് ഫ്രീഡം ആക്ഷന്‍ ടീം ഡയറക്ടര്‍ ആണെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നത്. 1992ൽ ഇസ്ലാം സ്വീകരിച്ചതിനുശേഷം, റോയെര്‍ ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്ന് മതശാസ്ത്രങ്ങൾ പഠിക്കുകയും ഒരു ദശാബ്ദത്തിലേറെയായി ഇസ്ലാമിക എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുകയുമാണ്. വിശ്വാസികള്‍ക്കിടയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായും റോയെര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ റോയെറിന്റെ എഴുത്തുകള്‍ വന്നിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു.