ടോയ്‌ലറ്റിന്റെ ചുവരിൽ ദ്വാരമുണ്ടാക്കി 10 പ്രതികൾ ജയിൽ ചാടി കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയവരാണ് രക്ഷപ്പെട്ടത്

വാഷിങ്ടൺ: യുഎസിലെ ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് 10 തടവുകാർ രക്ഷപ്പെട്ടു. ജയിൽ പുള്ളികൾ ഒരു സെല്ലിലെ ടോയ്‌ലറ്റിന്റെ ചുവര് തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ നൂണ്ടുകടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 19-42 പ്രായമുള്ള പ്രതികളാണ് രക്ഷപ്പെട്ടത്. ചുവരിനോട് ചേർന്ന് ഒരു ടോയ്‌ലറ്റും സിങ്കും ഫിറ്റ് ചെയ്തിരുന്നു. ഇത് പൊളിച്ചുമാറ്റി ചതുരാകൃതിയിൽ ദ്വാരമുണ്ടാക്കി അതിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്.

കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയവരാണ് രക്ഷപ്പെട്ടത്. ഓറഞ്ച്, വെള്ള വസ്ത്രങ്ങൾ ധരിച്ചവർ ജയിലിൽ നിന്ന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പുതപ്പുകൾ ഉപയോഗിച്ച് കമ്പിവേലി കയറുകയും ശേഷം സമീപത്തെ റോഡിലൂടെ ഓടുന്നതും കാണാം.