മസ്കത്ത്: ഒമാൻ ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. റസ്റ്റോറന്റിന് മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെയാണ് അപകടം. പാചകവാതകം ചോർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നു. പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്.