കോൺഗ്രസിന്റേതെന്ന് കരുതി എസ്എഫ്ഐക്കാർ പിഴുതത് സിപിഎം അനുഭാവ സംഘടനയുടെ കൊടിമരം; ഒടുവിൽ വഴിയിൽ ഉപേക്ഷിച്ചു!

0
403

സംഘർഷം ഒഴിയുന്നില്ല: മലപ്പട്ടം പൊലീസ് വലയത്തിൽ

കണ്ണൂർ: എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ പിഴുത കൊടിമരം ‘മാറിപ്പോയി’. കോൺഗ്രസിന്റെ കൊടിമരം ആണെന്ന് കരുതി പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കൾച്ചറൽ ഫോറത്തിന്റെ കൊടിമരമാണ് എസ്എഫ്ഐക്കാർ പിഴുതത്. പിഴുതെടുത്ത കൊടിമരം ചുമന്നുകൊണ്ടാണ് പ്രകടനം മുന്നോട്ട് പോയത്. പിന്നീട് കൊടിമരം ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ, നിലവിൽ സിപിഎമ്മിന് പിന്തുണ നൽകുന്ന പി.കെ.രാഗേഷിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതായിരുന്നു കൊടിമരം. പ്രകടനത്തിനിടെ കെ.സുധാകരൻ എംപിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു പഴയ സ്റ്റാൻഡിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടെ വഴിയരികിൽ കണ്ട ഫ്ലക്സുകളും കൊടിമരവും നശിപ്പിക്കുകയായിരുന്നു. 

മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ മാർച്ച്. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ധീരജിനെ കൊന്നിട്ടും പക അവസാനിപ്പിക്കാൻ തയാറാകുന്നില്ലെന്ന് ശരത് പറഞ്ഞു. ‘‘കെ.സുധാകരൻ ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകുന്നത്. ഇന്നലെ രാത്രി മുതൽ യൂത്ത് കോൺഗ്രസുകാർ നിലവിളി തുടങ്ങിയിട്ടുണ്ട്. അത് തുടരേണ്ടി വരും. ധീരജിന്റെ മാതാപിതാക്കളെ വീണ്ടും വീണ്ടും ആക്ഷേപിക്കുകയാണ്.’’ – ശരത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി.അഖില അധ്യക്ഷത വഹിച്ചു. 

അതേസമയം, സിപിഎം അക്രമം വ്യാപിപ്പിക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു. ഇന്നലെ രാത്രി തളിപ്പറമ്പിൽ ആക്രമിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ ഇതെല്ലാം നടക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘കണ്ണൂരിൽ വളർന്നു വരുന്ന കോൺഗ്രസിനെ തകർക്കാൻ സിപിഎം കരുതുന്നുവെങ്കിൽ അത് ഇല്ലാതാക്കാൻ കോൺഗ്രസിന്റെ ആയിരക്കണക്കിനു പ്രവർത്തകർ ആത്മാഹുതി ചെയ്യാൻ തയാറാണ്. ഞങ്ങളെ ഭയപ്പെടുത്താമെന്നു കരുതേണ്ട. സിപിഎം നേതൃത്വം അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ ചെയ്യാൻ സാധിക്കുന്നതു ഞങ്ങൾക്കും ചെയ്യേണ്ടി വരും. രാഷ്ട്രപിതാവിന്റെ സ്തൂപം വയ്ക്കാൻ സിപിഎമ്മിന്റെ അനുവാദം ആവശ്യമില്ല.’’ – കെ.സുധാകരൻ പറഞ്ഞു.