അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദ്യാർത്ഥി; കാരണം വീട്ടിലേക്ക് വീണ ക്രിക്കറ്റ് ബോള്‍ തിരികെ കൊടുക്കാത്തത്

0
506

പന്തെടുക്കാന്‍ ചെന്നപ്പോള്‍ ഇവിടെ പന്ത് വന്ന് വീണിട്ടില്ലെന്ന് രാമപ്പ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി

ബെംഗളുരു: കളിക്കുന്നതിനിടെ വീട്ടിലേക്ക് വന്നുവീണ ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാമപ്പ പൂജാരിയെയാണ് ഇരുപത്തിയൊന്നുകാരനായ പവന്‍ ജാദവ് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പവന്‍ ജാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. മുപ്പത്തിയാറുകാരനായ രാമപ്പ പൂജാരിയുടെയും പവന്‍ ജാദവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. പവനും കൂട്ടുകാരും ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പയുടെ വീട്ടിലേക്ക് വീണു. പന്തെടുക്കാന്‍ ചെന്നപ്പോള്‍ ഇവിടെ പന്ത് വന്ന് വീണിട്ടില്ലെന്ന് രാമപ്പ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പിന്നീട് പുറത്തേക്ക് പോയ പവന്‍ തിരികെ രാമപ്പയുടെ വീട്ടിലേക്ക് എത്തിയത് പൊട്ടിയ ബിയര്‍ ബോട്ടിലും കത്തിയും കൊണ്ടാണ്. ഇതുകൊണ്ട് യുവാവ് അധ്യാപകനെ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.