ദുബായ്: ദുബായ് മെട്രോ സ്റ്റേഷനുകളുടെ ചില്ലുചുമരുകൾ വൃത്തിയാക്കാൻ ഇനി ഡ്രോണുകൾ ഉപയോഗിക്കും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യും ദുബായ് മെട്രോ ട്രാം എന്നിവയുടെ ഓപറേറ്ററായ കിയോലിസ് എംഎച്ച്‌ഐയുമായി ചേർന്നാണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്.
50 ശതമാനത്തിലധികം കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന ഈ പരിസ്ഥിതി സൗഹൃദ സംരംഭം നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഒരു സ്റ്റേഷനിലെ ശുചീകരണത്തിന് 15 തൊഴിലാളികൾ വേണ്ടിയിരുന്ന സ്ഥാനത്ത് 8 തൊഴിലാളികൾ മതിയാകും.
ഇതുമൂലം ഉയരമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴുള്ള അപകടം ഒഴിവാക്കാനും ജലത്തിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കുമെന്ന് ആർടിഎ റെയിൽ ഏജൻസി മെയിൻ്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീറി പറഞ്ഞു. സ്മാർട്ട് നഗരം എന്ന ലക്ഷ്യത്തിലേക്കുള്ള ദുബായിയുടെ വളർച്ചയുടെ ഭാഗമാണിതെന്ന് കിയോലിസ് എംഎച്ച്‌ഐയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വികാസ് സാർദാന അഭിപ്രായപ്പെട്ടു.