റിയാദ്: സഊദി സന്ദർശനത്തിന് എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിയാദിൽ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുമായി കൂടിക്കാഴ്ച നടത്തി. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, മുതിർന്ന സഊദി-യു.എസ് ഉദ്യോഗസ്ഥർ, വീഡിയോ കോൺഫറൻസ് വഴി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 25 വർഷത്തിനിടെ സിറിയൻ അമേരിക്കൻ രാഷ്ട്രങ്ങളുടെ നേതാക്കൾ തമ്മിലുള്ള ആദ്യ സമാഗമമാണിത്.
ജി.സി.സി നേതാക്കളുമായുള്ള ട്രംപിന്റെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. 2000-ൽ ഹാഫിസ് അൽ-അസദ് ബിൽ ക്ലിന്റനെ ജനീവയിൽ കണ്ടതിന് ശേഷം ഒരു സിറിയൻ നേതാവ് അമേരിക്കൻ പ്രസിഡന്റിനെ കാണുന്നത് ഇതാദ്യമാണ്. സഊദി സന്ദർശനത്തിനിടെ സിറിയൻ ഉപരോധം പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ഏറെ ആഘോഷത്തോടെയാണ് ലോകം ശ്രവിച്ചത്. പ്രഖ്യാപനം വന്നതോടെ രാത്രി സിറിയയിലെ ജനങ്ങൾ തെരുവുകളിൽ ആഹ്ലാദ പ്രകടനം നടത്തി.
യു.എസ് ഉപരോധം പിന്‍വലിക്കാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനു വേണ്ടി മാത്രമാണ്. സിറിയക്കെതിരായ ഉപരോധങ്ങള്‍ ഞാന്‍ പിന്‍വലിക്കും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാന്‍ ചെയ്യും. ലോകമെമ്പാടും അമേരിക്കക്ക് മികച്ച സഖ്യകക്ഷികളുണ്ട്. പക്ഷേ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനേക്കാള്‍ ശക്തരായ ആരും ഇല്ല, ഇതായിരുന്നു ട്രംപ് പറഞ്ഞത്.
അസദ് കുടുംബത്തിന്റെ 54 വർഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം പുതിയ യുഗത്തിലേക്ക് കടക്കുന്ന സിറിയയ്ക്ക് നാഴികക്കല്ലായി ഈ യു.എസ് പ്രഖ്യാപനം.
ഉപരോധം നീക്കാനുള്ള തീരുമാനത്തെ “സിറിയൻ ജനതയ്ക്ക് നിർണായകമായ വഴിത്തിരിവ്” എന്ന് സിറിയയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. “അസദ് ഭരണകൂടം സിറിയൻ ജനതയ്ക്കെതിരെ നടത്തിയ യുദ്ധക്കുറ്റങ്ങളോടുള്ള പ്രതികരണമായിരുന്നു ഉപരോധം. ഇതിന്റെ നീക്കം, സിറിയയ്ക്ക് സ്ഥിരത, സ്വയംപര്യാപ്തത, ദേശീയ പുനർനിർമാണം എന്നിവയ്ക്കുള്ള സുപ്രധാന അവസരം നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു.