വ്യാപാരിയെ മര്‍ദ്ദിച്ചതു ചോദ്യംചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു

0
1305

പാലക്കാട് മണ്ണാര്‍ക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ യുവാവിനെ മദ്യകുപ്പി പൊട്ടിച്ചു കുത്തിക്കൊന്നു. കോട്ടോപ്പാടം അമ്പാഴക്കാട് കിഴക്കേതലയ്ക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ഇര്‍ഷാദ്(42)ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് യുവാവിനെ ആക്രമിച്ചത്. കഴുത്തിനു കുത്തേറ്റ ഇര്‍ഷാദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപം കുപ്പിവെള്ളം വിറ്റിരുന്ന ബാവാസിനൊപ്പം നില്‍ക്കുമ്പോഴാണ് ഇര്‍ഷാദ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ യുവാക്കള്‍ ബാവാസിനോട് വെള്ളം വാങ്ങിയെങ്കിലും പണം നല്‍കിയില്ല. പണം ചോദിച്ച ബാവാസിനെ സംഘം അടിച്ചുവീഴ്ത്തി.

ഇതോടെ ഇര്‍ഷാദ് വിഷയത്തില്‍ ഇടപെടുകയും അക്രമികള്‍ മദ്യകുപ്പി പൊട്ടിച്ച് യുവാവിനെ കുത്തുകയുമായിരുന്നു. കൃത്യശേഷം രക്ഷപെട്ട യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. പ്രവാസിയായിരുന്ന ഇര്‍ഷാദ് നാട്ടിലെത്തിയ ശേഷം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.