റിയാദ്: സഊദി അറേബ്യയും അമേരിക്കയും തമ്മിൽ സൈനിക സാമ്പത്തിക സഹകരണ കരാറുകൾ ഒപ്പിട്ടു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടത്തിയ ഔദ്യോഗിക ചർച്ചക്കിടെയാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്.
സൗദി, അമേരിക്കൻ ഗവൺമെന്റുകൾ തമ്മിൽ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന് കരാർ ഒപ്പുവെച്ചത് നിരവധി മേഖലകളെ ശക്തിപ്പെടുത്തുകയും സംയുക്ത നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയും ചെയ്യും.
പുനരുപയോഗ ഊർജം, ശുദ്ധമായ ഊർജ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പങ്കാളിത്തം വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഊർജ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചത്. ഖനന, ധാതുവിഭവ മേഖലാ സഹകരണത്തിനുള്ള ധാരണാപത്രം, ആഭ്യന്തര മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ബിസിനസ് പ്രോഗ്രാമുകളും യു.എസ് നീതിന്യായ വകുപ്പിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുള്ള ധാരണാപത്രം എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു.
നാഷണൽ ഗാർഡിൻ്റെ കര, വ്യോമ സംവിധാനങ്ങളും വെടിമരുന്ന്, പരിശീലനം, പിന്തുണാ സേവനങ്ങൾ, സ്പെയർ പാർട്സ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളും വികസിപ്പിക്കാനും സഹകരണം വർധിപ്പിക്കാനുമുള്ള കരാർ, സൗദിയിൽ ആരോഗ്യ മേഖലാ ശേഷികളുടെ വികസനത്തിന് സൗദി പ്രതിരോധ മന്ത്രാലയവും യു.എസ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, സൗദി, അമേരിക്കൻ നീതിന്യായ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ക്യു-സാറ്റ് പദ്ധതിയിൽ സഹകരിക്കുന്നതിന് സൗദി സ്പേസ് ഏജൻസിയും അമേരിക്കയിലെ നാഷണൽ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലുള്ള എക്സിക്യൂട്ടീവ് കരാർ, കസ്റ്റംസ് മേഖലാ സഹകരണ കരാർ, ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമഗതാഗത കരാർ ഭേദഗതി ചെയ്യാനുള്ള പ്രോട്ടോക്കോൾ എന്നിവയും ഒപ്പുവെച്ചു.
റിയാദ് അൽയമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചത്.
