പറന്നുയർന്ന ഉടൻ ഹൈഡ്രോളിക്‌സ് സംവിധാനം തകരാറിലായി; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
594

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെളളിയാഴ്ച രാത്രി 7.54 -ഓടെ 171 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനം പുറപ്പെട്ടതിന് ശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സി.ഐ.എസ്.എഫിന്റെ ക്യൂആർടി കമാൻഡോകൾ,വിമാനകമ്പനി ജീവനക്കാർ എന്നിവർ സജ്ജമായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുളള ദീർഘദൂര യാത്രക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുളള ഇന്ധനം നിലനിർത്തിശേഷം അധികമുളളത് വട്ടം ചുറ്റി പറക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിർദേശം. തുടർന്ന്, രാത്രി 8.30-ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.