കൊച്ചി: കുസാറ്റിന് സമീപത്തെ അപ്പാർട്മെന്റിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ ഒരാളെക്കൂടി കളമശേരി പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര മൊട്ടൻ തെറേമ്മൽ വീട്ടിൽ ഹാരിസാണ് (39) പിടിയിലായത്. പേരാമ്പ്രയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മേപ്പയൂർ സ്വദേശി സൗരവിനെ ഏപ്രിൽ 30നാണ് കുഴൽപ്പണ മാഫിയാ സംഘത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിൽ തടവിൽ പാർപ്പിച്ചത്. കഴിഞ്ഞ 2ന് കളമശേരി പൊലീസാണ് സൗരവിനെ മോചിപ്പിച്ചത്. മോചനദ്രവ്യമായി 3.60ലക്ഷം രൂപ കൈപ്പറ്റിയ കോഴിക്കോടി സ്വദേശി ഹാഷി നേരത്തേ അറസ്റ്റിലായി റിമാൻഡിലാണ്. മറ്റ് പ്രതികൾക്കായി അന്യസംസ്ഥാനങ്ങളിലുൾപ്പെടെ അന്വേഷണം ശക്തമാക്കി.