മെറ്റ അവരുടെ മെസേജിംഗ് പ്ളാറ്റ്‌ഫോമായ വാട്‌സാപ്പിൽ പുതിയ രണ്ട് എഐ ഫീച്ചറുകൾ കൊണ്ടുവരാൻ പോകുകയാണ്. ഉപഭോക്താക്കളുടെ ആപ്പ് കൊണ്ടുള്ള അനുഭവവും ഉപയോഗക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ കൊണ്ടുവരാൻ മെറ്റ ശ്രമിക്കുന്നത്. ഉപയോക്താക്കൾക്ക് അവർക്ക് വരുന്ന സന്ദേശങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വാബീറ്റ ഇൻഫോ നൽകുന്ന വിവരമനുസരിച്ച് വാട്‌സാപ്പ് സന്ദേശങ്ങളുടെ സംഗ്രഹണത്തിനുള്ളതാണ് ആദ്യ ടൂൾ. കാണാതെപോയ വാട്‌സാപ്പ് ചാറ്റുകൾ എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കുന്നു.
സമ്മറൈസ് വിത്ത് മെറ്റ എഐ എന്ന ബട്ടണിലൂടെയാണ് ഇത് കാണുക. ആൻഡ്രോയിഡ് ഫോണുകളിൽ ഈ ടൂൾ ലഭിക്കുന്നതിനുള്ള പരീക്ഷണം നടക്കുകയാണ്. ഇത് ക്ളിക്ക് ചെയ്‌താൽ അടുത്തിടെ വന്ന മെസേജുകളുടെ ഒരു സംഗ്രഹം കാണിച്ചുതരും. ഏതെങ്കിലുമൊരു മെസേജിനായി ഏറെ പരിശോധിക്കേണ്ടി വരില്ല. എന്നാൽ എഐ ടൂൾ ഉപയോഗിച്ച് സന്ദേശങ്ങളുടെ സംഗ്രഹം തയ്യാറാക്കിയാലും സന്ദേശങ്ങൾ സുരക്ഷിതമാകും എന്നാണ് മെറ്റ പറയുന്നത്.
എഐ ഉപയോഗിച്ചുള്ള വാൾപേപ്പർ നിർമ്മിക്കുന്ന ടൂളാണ് രണ്ടാമത് തയ്യാറാകുന്നത്. പേഴ്‌സണലൈസ്ഡ് ചാറ്റ് പശ്ചാത്തലം ഉണ്ടാക്കാൻ ഇത് സഹായിക്കും. വ്യത്യസ്‌ത ശൈലിയിലുള്ള വാൾപേപ്പറുകളുണ്ടാക്കാനും ഇതുവഴി കഴിയും. ദിവസേനയുള്ള ആപ്പ് ഉപയോഗത്തിൽ എഐയെ കൊണ്ടുവരാനാണ് ഇവ വഴി മെറ്റ ശ്രമിക്കുന്നത്.