300 – 400 ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്നലെ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമം, പാക്കിസ്ഥാൻ ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ‌, ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാൻ സൈന്യത്തിനും നാശനഷ്ടമുണ്ടായി

ന്യൂഡൽഹി: 300 – 400 ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്നലെ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കുകയും പടിഞ്ഞാറൻ അതിർത്തിയിൽ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുമായിരുന്നു ആക്രമണ ശ്രമം.

ആക്രമണത്തിന് തുർക്കി നിർമിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തു. നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ ആക്രമണം നടത്തി. ഭട്ടിൻഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാൻ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

പാക്കിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. രക്ഷിതാക്കൾക്കും പരുക്കുണ്ട്.