‘പരിഭ്രാന്തരാകേണ്ട’; ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍

പാക്കിസ്ഥാനെതിരായ സൈനിക നടപടി ഇന്ധനക്ഷാമമുണ്ടാക്കുമെന്നൊരു  പരിഭ്രാന്തിവേണ്ടെന്ന്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ). കമ്പനിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ലഭ്യമാണെന്നും വിതരണ ശൃംഖലകള്‍ എല്ലാം തന്നെ ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. വെള്ളിയാഴ്ച എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോൾ പമ്പുകളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ശാന്തത പാലിക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പെട്രോൾ പമ്പുകളിൽ നീണ്ട വരികള്‍ കാണാമായിരുന്നു. വരും ദിവസങ്ങളിൽ ഇന്ധനക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ഇതിന് കാരണം.

അതിർത്തിയോട് ചേർന്നുള്ള പട്ടണങ്ങളിലാണ് ഇത്തരത്തിലുള്ള പരിഭ്രാന്തികള്‍ വര്‍ധിച്ചത്. ബുധനാഴ്ച, അതിർത്തി പ്രദേശങ്ങളിലെ താമസക്കാർ വാഹനങ്ങളുമായും കുപ്പികളുമായുമെല്ലാം ഇന്ധനത്തിനായി പെട്രോൾ പമ്പുകളിൽ വരിവരിയായി നിൽക്കുന്നത് കാണപ്പെട്ടിരുന്നു.

ഭക്ഷണം, മരുന്നുകൾ, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങാനും പലരും തിരക്കുകൂട്ടി. ഇത്തരത്തിലുള്ള വിഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിന് പിന്നാലെയാണ് ഐ‌ഒ‌സി‌എല്‍ സാഹചര്യം വ്യക്തമാക്കിയത്. തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഐഒസിഎല്‍ പറഞ്ഞു.