ചൈനയില്‍ നിന്ന് ആയുധം വാരിക്കൂട്ടി പാക്കിസ്ഥാന്‍

കഴുത്തറ്റം കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന്‍ അടുത്തിയിടെയായി ചൈനയെ സമ്പൂര്‍ണമായി ആശ്രയിക്കുകയാണ്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച് പാകിസ്ഥാനിലേക്കുള്ള ഏറ്റവും വലിയ സൈനിക ആയുധ വിതരണക്കാരാണ് ചൈന. അതായത് പാക്കിസ്ഥാനിലേക്കുള്ള മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. ബാക്കി 5.5 ശതമാനം നെതർലാൻഡ്‌സും 3.8 ശതമാനം തുര്‍ക്കിയുമാണ്.

അഫ്ഗാനിസ്ഥാനിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക ഏറെക്കുറെ അവസാനിപ്പിച്ചമട്ടാണ്. മുന്‍‌പ് സാമ്പത്തിക നിലനില്‍പ്പിനടക്കം പാക്കിസ്ഥാന്‍ അമേരിക്കയെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ചൈനയാണ്.

പഹല്‍ഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂര്‍ എന്നിവയെ തുടര്‍ന്ന് ഇന്ത്യ– പാക് സംഘർഷം വഷളായ നിലയിലും പാക്കിസ്ഥാനോട് തുര്‍ക്കി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാന്‍റെ വളര്‍ന്നുവരുന്ന സഖ്യകക്ഷിയാണ് ഇന്ന് തുര്‍ക്കി. ഇന്ത്യയുമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ചൈനയാകട്ടെ അറബിക്കടലിലേക്ക് തങ്ങളുടെ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന ഭൗമമേഖലയായാണ് പാക്കിസ്ഥാനെ കാണുന്നതും. 

2019 നും 2023 നും ഇടയിൽ ചൈനയിൽ നിന്നുള്ള മൊത്തം ആയുധ ഇറക്കുമതി 5.28 ബില്യൺ ഡോളറായിരുന്നു. ഇത് പാക്കിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63 ശതമാനമാണെന്നാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ വിശദീകരിക്കുന്നത്. വ്യോമസേനയ്ക്കുള്ള യുദ്ധവിമാനങ്ങൾ മുതൽ രാജ്യത്തിന്റെ നാവികസേനയ്ക്കുള്ള അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, പാക്കിസ്ഥാൻ സൈന്യത്തിനുള്ള പീരങ്കി തോക്കുകൾ എന്നിങ്ങനെ പ്രതിരോധ സംവിധാനങ്ങളേറെയും എത്തുന്നതും ചൈനയിൽ നിന്നുതന്നെ. 

ചൈന-പാക്കിസ്ഥാൻ സൈനിക സഹകരണത്തിന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റ്. യുഎസ് എഫ്-16 വിമാനങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിയതിനുശേഷം നിലവിൽ പാക്ക് വ്യോമസേനയുടെ പ്രധാന ആയുധമാണ് ജെഎഫ്-17. 2–3 ബില്യൺ ഡോളറാണ് ഈ പദ്ധതിയുടെ മൂല്യം. 2015-ൽ പാക്കിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് ടൈപ്പ്-041 യുവാൻ-ക്ലാസ് പരമ്പരാഗത അന്തർവാഹിനികൾ ഓർഡർ ചെയ്തിരുന്നു. അവയിൽ നാലെണ്ണം ചൈനയിൽ നിർമ്മിക്കാനും നാലെണ്ണം കറാച്ചി ഷിപ്​യാർഡിൽ നിർമ്മിക്കാനുമായിരുന്നു പദ്ധതി. 2022 മുതൽ 2028 വരെയാണ് ഈ അന്തർവാഹിനികളുടെ ഡെലിവറി ഷെഡ്യൂൾ. 5 ബില്യൺ ഡോളറിന്‍റേതാണ് കരാര്‍. ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനായി പാകിസ്ഥാൻ ചൈനീസ് SH-15 155mm സെൽഫ് പ്രൊപ്പൽഡ് പീരങ്കി തോക്കുകളും ചൈനയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന് ആയുധം വാങ്ങാനായി കുറഞ്ഞ പലിശ നിരക്കിലുള്ള ധനസഹായവും അയഞ്ഞ പേമെന്റ് നിബന്ധനകളുമാണ് ചൈന മുന്നോട്ടുവച്ചിട്ടുള്ളത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെയാണ് പാക്കിസ്ഥാന് ചൈനയിൽ നിന്ന് ധനസഹായം ലഭിക്കുന്നത്. ഏകദേശം 60 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതിയില്‍ പദ്ധതി മേഖലകളിലെ ചൈനീസ് നിക്ഷേപങ്ങളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതും ഉൾപ്പെടുന്നു.