കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം തടവും അഞ്ചേകാൽ ലക്ഷം രൂപ വീതം പിഴയും. കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ വർഗീസ് ഫിലിപ്പി (സന്തോഷ്-34)നെ കൊന്ന കേസിലാണ് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ വിനോദ് കുമാർ (46), ഭാര്യ കുഞ്ഞുമോൾ (44) എന്നിവരെ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്.ഇരുവരുടെയും പിഴത്തുക കൊല്ലപ്പെട്ട സന്തോഷിന്റെ അച്ഛന് നൽകണം.
2017 ഓഗസ്റ്റ് 23-നായിരുന്നു കൊലപാതകം. 27-ന് ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ മാങ്ങാനം മന്ദിരം കലുങ്കിന് സമീപം ശരീരഭാഗങ്ങൾ കണ്ടെത്തി. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെത്തുടർന്ന്, സന്തോഷിന്റെ തല മക്രോണി തുരുത്തേൽ പാലത്തിന് സമീപം തോട്ടിൽനിന്ന് മുങ്ങിയെടുക്കുകയായിരുന്നു.
സന്തോഷും വിനോദ് കുമാറും ജയിലിൽവെച്ചാണ് പരിചയപ്പെട്ടത്. സന്തോഷ് ആദ്യം ജയിലിൽനിന്ന് ഇറങ്ങി വിനോദ്‍കുമാറിന്റെ ഭാര്യ കുഞ്ഞുമോളുമായി സൗഹൃദത്തിലായി. പിന്നീട് വിനോദ്കുമാർ ജയിലിൽനിന്നിറങ്ങിയശേഷം, ഭാര്യയുമായുള്ള സന്തോഷിൻറെ സൗഹൃദത്തെച്ചൊല്ലി തർക്കമുണ്ടായി. കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടറായിരുന്ന സാജു വർഗീസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം കോടതിയിൽ ഹാജരായി.





