ബഹ്‌റൈനിൽ പെട്രോൾ റിഫൈനറിയിൽ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

0
415

മനാമ: ബഹ്റൈൻ പെട്രോളിയം കമ്പനിയുടെ (ബാപ്കോ) റിഫൈനറി യൂണിറ്റിലെ ഒരു സുരക്ഷാ വാൽവിൽ സംഭവിച്ച ലീക്കേജിനെ തുടർന്ന് രണ്ട് ജീവനക്കാർ മരിച്ചു. ഒരു ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് (ബി.എൻ.എ) ഇക്കാര്യം അറിയിച്ചത്. സുരക്ഷാ വാൽവ് ലീക്കേജ് നിയന്ത്രണവിധേയമാക്കിയതായി BAPCO പ്രഖ്യാപിച്ചു. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല

സൈറ്റ് ഇൻസ്പെക്ഷൻ സമയത്തായിരുന്നു അപകടമെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് ജീവനക്കാർ സംഭവസ്ഥലത്തു തന്നെ മരിച്ചു, അതേസമയം മൂന്നാമത്തെ ജീവനക്കാരൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് കമ്പനി ആത്മാർത്ഥമായ അനുശോചനവും അറിയിച്ചു. ചികിത്സയിലുള്ള ജീവനക്കാരൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ബാപ്കോ ആശംസിച്ചു.

ബാപ്കോ റിഫൈനറിയുടെ എമർജൻസി ടീമും ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഡിഫൻസിന്റെയും ടീമുകളും ഉടൻ സംഭവത്തിൽ ഇടപെട്ടു. കൂടാതെ, അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ലീക്കേജ് നിയന്ത്രണവിധേയമാക്കി ജോലി വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും സാഹചര്യം പൂർണ്ണമായി നിയന്ത്രണത്തിലാണെന്നും ബാപ്കോ വ്യക്തമാക്കി. ജീവനക്കാരുടെയും കരാറുകാരുടെയും സുരക്ഷയും സമീപപ്രദേശങ്ങളുടെ സംരക്ഷണവുമാണ് ഇപ്പോൾ പ്രാധാന്യം. ആവശ്യമെങ്കിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ എമർജൻസി ടീമുകൾ തയ്യാറാണെന്നും കമ്പനി ഉറപ്പ് നൽകി.