ഇന്ത്യ തിരിച്ചടിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത് സൈന്യത്തിലെ രണ്ട് മുതിർന്ന വനിതാ ഉദ്യോഗസ്ഥരായിരുന്നു. വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും സംയുക്തമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. സോഫിയ ഖുറേഷി ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
പെഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഇന്ത്യയുടെ കരസേനയും വ്യോമസേനയും സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ എന്ന ദൌത്യം നടത്തിയത്. ഇന്ത്യ തിരിച്ചടിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത് സൈന്യത്തിലെ രണ്ട് മുതിർന്ന വനിതാ ഉദ്യോഗസ്ഥരായിരുന്നു. വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും സംയുക്തമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. സോഫിയ ഖുറേഷി ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസിലെ ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. രാജ്യാതിർത്തി കടന്നുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യൻ ആർമി സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന ബഹുമതി സോഫിയ സ്വന്തമാക്കിയിട്ടുണ്ട്. 2016-ൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആതിഥേയത്വം വഹിച്ച വിദേശ സൈനികാഭ്യാസമായ ‘എക്‌സർസൈസ് ഫോഴ്‌സ് 18’-ൽ ഇന്ത്യൻ ടീമിനെ നയിച്ചത് സോഫിയയായിരുന്നു. അന്ന് പങ്കെടുത്ത 18 സംഘങ്ങൾക്ക് നേതൃത്വം നൽകിയ ഓഫീസർമാരിൽ ഏക വനിതയായിരുന്നു അവർ.
കേണൽ സോഫിയ ഖുറേഷി ഗുജറാത്ത് സ്വദേശിനിയാണ്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സൈനിക കുടുംബത്തിൽ നിന്നാണ് സോഫിയ വരുന്നത്. അവരുടെ മുത്തച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. മെക്കണൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനെയാണ് സോഫിയ വിവാഹം കഴിച്ചിരിക്കുന്നത്.
കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യം (2006) ഉൾപ്പെ ശ്രദ്ധേയമായ സേവനം സോഫിയ കാഴ്ചവെച്ചിട്ടുണ്ട്. ആറ് വർഷം അവർ യുഎൻ സമാധാന പരിപാലന ഓപ്പറേഷനുകളിൽ (പികെഒ) സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നതും മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതും ഉൾപ്പെടുന്നതാണ് തന്റെ സമാധാന പരിപാലന കടമകളെന്ന് അവർ ഒരിക്കൽ വിശേഷിപ്പിച്ചു. അത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അവർ പറഞ്ഞിട്ടുണ്ട്. സായുധ സേനയിലെ മറ്റ് സ്ത്രീകളെ “രാജ്യത്തിനായി കഠിനാധ്വാനം ചെയ്യാനും എല്ലാവർക്കും അഭിമാനകരമായി മാറാനും” പ്രോത്സാഹിപ്പിക്കുന്നതിൽ സോഫിയ ഖുറേഷി മുൻപന്തിയിലാണ്.
സ്ത്രീയാണെന്നത് അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കഴിവുകളും നേതൃത്വഗുണങ്ങളും അടിസ്ഥാനമാക്കിയാണ് സോഫിയ ഖുറേഷിയെ ലെഫ്റ്റനന്‍റ് കേണൽ പദവിയിൽ നിയമിച്ചതെന്നും മുമ്പ് സതേൺ കമാൻഡിന്റെ ആർമി കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞിട്ടുണ്ട്.