ഹജ്ജ്; അനുമതിയില്ലാതെ മക്ക അടക്കമുള്ള പുണ്യ സ്ഥലങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേർ പോലീസ് പിടിയിൽ

മക്ക: അനുമതിയില്ലാതെ മക്ക അടക്കമുള്ള പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. നിയമലംഘകരെയും അനധികൃത തീർത്ഥാടനത്തിന് സൗകര്യമൊരുക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് തുടരെത്തുടരെ മുന്നറിയിപ്പ് നൽകുന്നതിനിടയിലും നിരവധിപേരെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മക്കയിലെ അൽ-ഹിജ്‌റ ജില്ലയിൽ ഹജ്ജ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വിവിധ തരം വിസിറ്റ് വിസകളിലുള്ള 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും താമസ സൗകര്യം അടക്കമുള്ള നൽകിയവരെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, ഹജ്ജ് നിയമങ്ങൾ ലംഘിച്ച് നാല് വിദേശ വനിതകളെ മക്കയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ചതിന് ഒരു ഘാന പൗരനെയും നാല് സ്തീകളെയും ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാൾ ലഗേജ് കമ്പാർട്ടുമെന്റിൽ ഹജ്ജ് അനുമതിയില്ലാത്ത സ്ട്രീകളെ പുണ്യനഗരത്തിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവറെയും യാത്രക്കാരെയും പിടികൂടി നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി എസ്‌പി‌എ റിപ്പോർട്ട് ചെയ്തു.

സന്ദർശന വിസ ഉടമകളെ മക്ക അടക്കമുള്ള പുണ്യസ്ഥലങ്ങളിലേക്കു
കൊണ്ടുപോകുവാൻ ശ്രമിക്കുന്നവർക്കു പരമാവധി ഒരു ലക്ഷം സൗദി റിയാലാണ് പിഴ ചുമത്തുക. സന്ദർശന വിസയിലുള്ളവർക്കു മക്കയിലും പുണ്യസ്ഥലങ്ങളിലും ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, താമസ കേന്ദ്രങ്ങൾ, ഹജ്ജ് ഭവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസിപ്പിക്കുന്നവർക്കും ഇതേ പിഴ ഈടാക്കും.

അതോടൊപ്പം താമസ, യാത്ര സൗകര്യം നൽകുന്ന കെട്ടിടങ്ങളും വാഹനങ്ങളും കണ്ടുകെട്ടും. കുറ്റവാളികളുടെ എണ്ണതിനനുസരിച്ചു പിഴ സംഘ്യ ഇരട്ടിയാകും. അതേസമയം അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുക, മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുക തുടങ്ങിയ വ്യക്തികൾക്ക് 20,000 റിയാൽ വരെ പിഴ ഈടാക്കും.

പിടിയിലാകുന്ന പ്രവാസികളെ പിഴ ഈടാക്കി 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകികൊണ്ടിരിക്കുന്നുണ്ട്. ഏപ്രിൽ 29 മുതൽ ആരംഭിച്ച മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ജൂൺ 10 വരെയുള്ള കാലയളവിലേക്കാണെന്ന് മന്ത്രാലയം അറിയിച്ചു.

നിയമാനുസൃതമായി ഹജ്ജ് ചെയ്യുന്നവരുടെ കർമ്മങ്ങൾ സുഖകരമാക്കുന്നതിനും സുരക്ഷക്കും ഹജ്ജ് ചട്ടങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയില്പെടുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലോ രാജ്യത്തിന്റെ മറ്റിടങ്ങളിൽ 999 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.