ദുബായ്: അടുത്ത അധ്യയന വര്‍ഷം മുതല്‍ യു.എ.ഇയിലെ സര്‍ക്കാര്‍ വിദ്യഭ്യാസത്തിന്റെ എല്ലാ മേഖലയിലും നിര്‍മിത ബുദ്ധി (എ.ഐ) പഠനം നിര്‍ബന്ധമാക്കി. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണിത്.
ഇതോടെ നാലാം വയസു മുതല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയെ കുറിച്ച അറിവുകള്‍ കുട്ടികള്‍ക്ക് ലഭിച്ചുതുടങ്ങും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ഭാവി തലമുറയെ സജ്ജമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭാവിതലമുറയെ വ്യത്യസ്തമായ ഭാവിയിലേക്കും, പുതിയ ലോകത്തിലേക്കും, നൂതന കഴിവുകള്‍ക്കുമായി ഒരുക്കുന്നതിനുള്ള യു.എ.ഇയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍മിത ബുദ്ധി ഒരു വിഷയമായി ഉള്‍പ്പെടുത്തിയതെന്ന് ശൈഖ് മുഹമ്മദ് എക്‌സ് അക്കൗണ്ടില്‍ എക്‌സില്‍ കുറിച്ചു. ലോകത്തെ ഭാവി ജീവിതരീതിയെ തന്നെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന നിര്‍മിതബുദ്ധി ഉള്‍പ്പെടുത്തി സമഗ്രമായ ഒരു പാഠ്യപദ്ധതി വികസിപ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.
ദുബായില്‍ കഴിഞ്ഞ ആഴ്ച എ.ഐ അക്കാദമി ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. നിര്‍മിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളില്‍ അതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എ.ഐ അക്കാദമി സ്ഥാപിക്കുന്നത്.
യു.എ.ഇയില്‍ വിവിധ മേഖലകളില്‍ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം സജീവമാ. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും നിര്‍മിത ബുദ്ധിയുടെ ഉപയോഗം പ്രചാരം നേടുകയും ഭാവിയില്‍ ഈ മേഖല കൂടുതല്‍ വികസിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
