തിരുവനന്തപുരം: മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന ഈ വേദി ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി രാഷ്ട്രീയപരാമർശങ്ങൾക്ക് മുതിർന്നത്. അദാനിയെ പ്രശംസിച്ച മന്ത്രി വാസവന്റെ പരാമര്‍ശത്തോടും മോദി പ്രതികരിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും കേരളവികസനത്തിന് കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അദാനിയെ പുകഴ്ത്തിയ മന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവനയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘കമ്മ്യൂണിസ്റ്റ് മന്ത്രി പറയുകയാണ് അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റം. സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് നല്ല കാര്യമാണ്. വന്ദേഭാരത്, ബൈപ്പാസുകൾ, ജലജീവൻ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികൾ നൽകി. കേരളവികസനത്തിന് കേന്ദ്രസർക്കാർ ഒപ്പമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.
‘കേരളം രാജ്യപുരോഗതിയ്ക്ക് വലിയ പങ്കുവഹിച്ചു. കേരളത്തിന് ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കി. 30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത്രയും വലിയ തുറമുഖം നിര്‍മ്മിച്ചത് കേരളത്തിലെ വിഴിഞ്ഞത്താണ്. ഇക്കാര്യത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം കേള്‍ക്കേണ്ടിവരും ‘, പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.