പഹൽ​ഗാം ഭീകരാക്രമണം: “അപകീർത്തിപ്പെടുത്താനുള്ള നീക്കം”; ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്ഥാന്‍

0
927

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പ്രമേയം പാസാക്കി പാകിസ്ഥാൻ. പാകിസ്ഥാൻ സെനറ്റ് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. പഹൽഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. പാക് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുവെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രമേയം. 28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാർ ആണ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ സിന്ധു നദിജലകരാർ റദ്ദാക്കിയാൽ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും പ്രമേയത്തിൽ പറയുന്നു. ‘നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് പാകിസ്ഥാൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന്’ സെനറ്റ് പ്രമേയത്തിൽ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്ലാമാ​ബാദിൽ നടന്ന പാകിസ്ഥാൻ ദേശീയ സുരക്ഷാ കമ്മിറ്റി മീറ്റിങ്ങിലും സമാനമായ നീരീക്ഷണങ്ങളാണ് പാക് അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഭീകരാക്രമണത്തിലെ പാക് ബന്ധം ഇന്ത്യ ചൂണ്ടിക്കാട്ടുമ്പോഴാണ് ഇത്തരത്തിലൊരു പ്രമേയം പാകിസ്ഥാൻ സർക്കാർ പാസാക്കിയിരിക്കുന്നത്. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള പ്രതിബദ്ധത പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാണിച്ചത്.