ദ് റസിസ്റ്റൻസ് ഫ്രണ്ട് 6 വർഷമായി സജീവം, ഭീകരരുടെ റിക്രൂട്ട് ഓൺലൈനിലൂടെ; ആക്രമണദൃശ്യം പോസ്റ്റ് ചെയ്യും

0
615

ന്യൂഡൽഹി: ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന നിരോധിത സംഘടനയാണു പഹൽഗാമിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള, അവരുടെ നിഴലായി അറിയപ്പെടുന്ന ഭീകരസംഘടന 6 വർഷം മുൻപാണു പ്രവർത്തനമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370–ാം വകുപ്പു റദ്ദാക്കിയ കേന്ദ്ര നടപടിക്കു പിന്നാലെയായിരുന്നു ഇത്.

2023 ൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ഓൺലൈൻ മാധ്യമങ്ങൾ വഴി ഇവർ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഭീകരപ്രവർത്തനം, നുഴഞ്ഞുകയറ്റം, ആയുധ– ലഹരിമരുന്നു കടത്തൽ എന്നിവയിലെല്ലാം ഇവർ ഭാഗമായിരുന്നെന്ന് അധികൃതർ കണ്ടെത്തി. ടിആർഎഫിന്റെ കമാൻഡർ ഷെയ്ഖ് സജാദ് ഗുല്ലിനെ യുഎപിഎ നിയമം അനുസരിച്ചു ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ബംഗാളിൽനിന്നുള്ള 5 മുസ്‌ലിം തൊഴിലാളികളെ 2019 ഒക്ടോബറിൽ കശ്മീരിലെ കുൽഗാം ജില്ലയിൽ കൊലപ്പെടുത്തിയാണ് ടിആർഎഫ് രംഗപ്രവേശം ചെയ്തത്. ഇതരസംസ്ഥാനക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു തുടർന്നു നടത്തിയത്.

2021 ൽ തുടർച്ചയായ ആക്രമണങ്ങളുണ്ടായതോടെ ജമ്മു കശ്മീരിൽനിന്നു കുടിയേറ്റതൊഴിലാളികൾ കൂട്ടപ്പലായനം തുടങ്ങിയിരുന്നു. സന്നദ്ധപ്രവർത്തകൻ ബാബർ ക്വാദ്രി, ജമ്മുവിലെ മഖാൻ ലാൽ പണ്ഡിറ്റ്, സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ എന്നിവരും ഇവരുടെ തോക്കിനിരയായി. 

പുത്തൻ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന ഇവർ മുഖംമറച്ചാണു പ്രത്യക്ഷപ്പെടാറുള്ളത്. കശ്മീരിൽ സിആർപിഎഫിനെതിരെ ഉൾപ്പെടെ നടത്തിയ ആക്രമണങ്ങൾ ചെറുക്യാമറകളിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. പ്രധാനികളെല്ലാം പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചവരാണ്. പിന്നീട് വാഗയിലൂടെ അതിർത്തി കടന്നു മടങ്ങിവന്നവരാണ് ഇവരെന്നാണു പൊലീസ് റിപ്പോർട്ട്. ടിആർഎഫിന്റെ കമാൻഡറും കുൽഗാം സ്വദേശിയുമായ അബ്ബാസ് ഷെയ്ഖിനെ 2021 ഓഗസ്റ്റിൽ സേന വധിച്ചിരുന്നു. മറ്റൊരു കൊടും ഭീകരൻ ബാസിത് ധറിനെ 2024 മേയിൽ വധിച്ചു.