ഇസ്‌ലാമാബാദ്: നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ച് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്ക് നീങ്ങിയിരുന്നു. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന പരിശീലന മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയില്‍ ‘ആക്രമണ്‍’ എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താന്‍ നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിക്കുകയും റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തത്.
ഇന്ത്യയുടെ നിര്‍ണായക തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കാന്‍ സാധിക്കും എന്ന് ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെ പാകിസ്താന്‍ വ്യോമപാതയും വാഗാ അതിര്‍ത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് പാകിസ്താന്റെ വ്യോമപാതയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന തീരുമാനമാണ് പാക് സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ടത്.
പിന്നാലെ വാഗ അതിര്‍ത്തി അടയ്ക്കുകയും അതുവഴി എത്തിയവര്‍ ഏപ്രിൽ 30-ന് മുമ്പായി സ്വരാജ്യത്തേക്ക് മടങ്ങിപ്പോകണം എന്ന അറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ, ഇന്ത്യന്‍ ഹൈക്കമ്മിഷനിൽ നയതന്ത്രജ്ഞരുടെ എണ്ണം 30 ആക്കി ചുരുക്കി. മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ അനുവദിച്ച എല്ലാ തരം വിസകളും റദ്ദാക്കി. സിഖ് തീര്‍ഥാടകര്‍ ഒഴിച്ചുള്ള എല്ലാ ഇന്ത്യക്കാരും 48 മണിക്കൂറിനകം രാജ്യം വിടണം എന്നും പാകിസ്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
