ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി കേന്ദ്രം. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.
നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.
മെഡിക്കൽ വിസയിലുള്ള പാക് പൗരന്മാരുടെ വിസാ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാനും രംഗത്ത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ സാര്‍ക്ക് വിസകളും റദ്ദാക്കുകയും വാഗ അതിര്‍ത്തി അടക്കുകയും ചെയ്തു. വ്യാപാര പാതകളും അടച്ചു. വ്യാപാര ഇടപാടുകളും നിര്‍ത്തിവച്ചു. അതേസമയം സിഖ് തീര്‍ത്ഥാടകരുടെ വിസ റദ്ദാക്കില്ല. സിന്ധു നദീജല കറാര്‍ റദ്ദാക്കുകയും പാക് പൗരന്മാരുടെ വിസ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടക്കുകുയും ചെയ്ത ഇന്ത്യയുടെ നടപടിക്ക് മറുപടി ആയാണ് ഈ നീക്കം
