റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം; തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

0
489

തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യനെ വിട്ടയച്ചു. മോസ്കോയിലെ ആശുപത്രിയിൽ നിന്നും യുവാവിനെ ഡൽഹിയിൽ എത്തിച്ചു. ഇന്ന് തന്നെ ജെയിൻ നാട്ടിൽ മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.

പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. പരിക്ക് പൂർണമായും ഭേദമായിരുന്നില്ലെങ്കിലും ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താൻ ജെയിനിന് അറിയിപ്പ് ലഭിക്കുകയായിരുന്നു. മോസ്കോയിലെ ആശുപത്രിയിൽ കഴിയവെയായിരുന്നു യുവാവിന് രേഖാമൂലം അറിയിപ്പ് ലഭിച്ചത്. മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസം ചികിത്സാ അവധിയിൽ പ്രവേശിക്കാനുമായിരുന്നു നിർദേശം.

വീണ്ടും പട്ടാളത്തിലെത്തണമെന്ന അറിയിപ്പ് ലഭിച്ചതോടെ സർക്കാരുകളോട് ജെയിൻ കുര്യൻ വീണ്ടും സഹായം അഭ്യർഥിച്ചിരുന്നു. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നുമായിരുന്നു ജെയിനിന്റെ ആവശ്യം. ഇതിനിടെയാണ് അപ്രതീക്ഷിത മടക്കം. ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. ഇന്ന് തന്നെ ജെയിൻ നാട്ടിൽ മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.