സഊദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസം പിന്നിട്ടാൽ ‘ഹുറൂബ്’ ആവും

0
2814

ദമാം: സഊദിയിൽ തൊഴിൽ കരാറില്ലാതെ രണ്ട് മാസം അഥവാ അറുപതു ദിവസം പിന്നിട്ടാൽ ‘ഹുറൂബ്’ ആവുമെന്ന് റിപ്പോർട്ട്. കിഴക്കൻ സഊദിയിലെ ജുബൈൽ ലേബർ ഓഫീസിലെ ഇൻഫോർമേഷൻ ഡെസ്കിൽ നിന്ന് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ നാല് കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രണ്ടു മാസമായി പുതിയ തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ നിയമം നിലവിൽ വന്നതോടെ എല്ലാവരും വലിയ മാനസിക പ്രയാസത്തിൽ അകപ്പെട്ടിരിക്കുകയാണ്. നിലവിൽ സഊദിയിൽ ഓരോ തൊഴിലാളിയും തൊഴിൽ കരാർ മുഖേനയാണ് ജോലി ചെയ്യേണ്ടത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാകാൻ ഏതാനും വര്ഷങ്ങളായി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

എന്നാൽ, ചില സന്ദർഭങ്ങളിൽ തൊഴിലാളികൾ തൊഴിൽ കരാർ ഒപ്പ് വെക്കാൻ തായാറാകാറില്ല. മറ്റു തൊഴിലുകളിൽ ചേരാനായി പുതിയ വിസകളിൽ വന്ന് കരാറിൽ ഒപ്പ് വെക്കാതെ തൊഴിൽ അന്വേഷിക്കുന്നവരും നിരവധിയാണ്. കരാറിൽ ചേർത്തിരിക്കുന്ന ചില കാര്യങ്ങൾ സ്വീകരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇത് ഒപ്പ് വെക്കാൻ തൊഴിലാളി മടിക്കുന്നതും സാധാരണമാണ്.

എന്നാൽ, ഇവർ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം സഊദിയിൽ തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കുമെന്നാണ് ലേബർ ഓഫീസിലെ ജുബൈൽ ബ്രാഞ്ച് ഇൻഫോർമേഷൻ ഡസ്ക് വ്യക്തമാക്കുന്നത്. തൊഴിലുടമയുടെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് രേഖപ്പെടുത്തി കേസെടുക്കുന്ന നടപടിക്രമത്തെയാണ് ‘ഹുറൂബ്’ എന്ന് പറയുന്നത്.

തൊഴിൽ ദാതാവ് ജോലിയിൽനിന്നും ഒഴിവാക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്ത ശേഷം ‘ഖിവ’ പോർട്ടലിൽ കരാർ റദ്ദു ചെയ്ത് മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പരമാവധി കാലാവധി 60 ദിവസമാണ്. ഈ 60 ദിവസത്തിനുള്ളിൽ തൊഴിലാളി മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തുകയും ഖിവ പോർട്ടലിൽ പുതിയ തൊഴിൽ കരാർ രജിസ്റ്റർ ചെയ്തു സ്‌പോൺസർഷിപ് മാറുകയും ചെയ്യണമെന്നതാണ് ചട്ടം. അല്ലാത്ത പക്ഷം നിലവിലെ സ്പോൺസറോ തൊഴിലാളിയോ അറിയാതെ സ്വയമേവ സിസ്റ്റത്തിൽ ‘ഹുറൂബി’ൽ ആകുമെന്നതാണ് നടപടിയെന്ന് ലേബർ ഓഫീസ് വ്യക്തമാക്കുന്നു.

സാധാരണ നിലയിൽ ഹുറൂബ് ആയാൽ നിശ്ചിത സമയത്തിനുള്ളിൽ സ്പോൺസർക്ക് ഇടപെട്ട് ഹുറൂബ് നീക്കാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ, സമയപരിധി കഴിഞ്ഞാൽ സ്പോൺസർക്കും ഒന്നും ചെയ്യാനാകില്ല. ഇത്തരക്കാർക്ക് പിന്നീട് തർഹീൽ വഴി നാട്ടിലേക്ക് പോകുകയാണ് മാർഗ്ഗം. പിടിക്കപ്പെട്ട് പിന്നീട് നാടുകടത്തൽ കേന്ദ്രം വഴി സഊദിയിൽനിന്നും നാട് കടത്തപ്പെടുകയാണ് ചെയ്യുക.

ഖിവ പോർട്ടലിൽ സാധുവായ കരാറില്ലാതെ സഊദിയിൽ തങ്ങുന്നവർ മതിയായ ശ്രദ്ധ പുലർത്തണമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളൻറിയറുമായ സലിം ആലപ്പുഴ മുന്നറിയിപ്പ് നൽകുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക