Wednesday, 14 May - 2025

പൊലീസിനു മുന്നിലേക്ക് ഷൈൻ, ചോദ്യം ചെയ്യൽ 3 മണിക്ക്, 32 ചോദ്യങ്ങൾ,  എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുടുംബം

കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇന്നലെ നോട്ടിസ് നൽകിയത്. ഇന്നു രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മറുപടി നൽകി. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാകും നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പറയുന്നത്. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ച് ഇഴകീറി ചോദിക്കാനാണ് നീക്കം.

ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. ഷൈനിൻ്റെ ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് ശേഖരിച്ചു.

ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം
ചെയ്യൽ.

ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ്
ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.

അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ അമ്മ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും.സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.

Most Popular

error: