കോഴിക്കോട്: വഖഫ് ഭേദഗതി ബില്ല് വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിശ്വാസികളുടെ ഭരണ ഘടനാ അവകാശമാണ് വഖഫെന്നും ഭരണഘടനാ വിരുദ്ധമായ ബില്ലാണിതെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
കാവല്‍ക്കാരായ ഭരണകൂടം തന്നെ കയ്യേറ്റക്കാരായെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് മഹാറാലിയിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.
‘ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ല. നിയമ നിര്‍മാണ സഭയെ അധപതിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ പരീക്ഷണമാണിത്’, അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതിക്കെതിരെയുള്ള ഹര്‍ജികളിലെ സുപ്രീം കോടതിയുടെ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഹര്‍ജിക്കാരുടെ ഭാഗം കൂടുതല്‍ കേട്ടെന്നും കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വഖഫ് ചെയ്താല്‍ ആ ഭൂമി ദൈവത്തിന്റേതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാമും പ്രതികരിച്ചു. കൈകാര്യം ചെയ്യാമെന്നല്ലാതെ കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് സലാം പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ഭൂമിയെന്ന് വ്യാജ പ്രചാരണം നടത്തുന്നുവെന്നും ഒരു കാലത്തും ഉണ്ടാകാത്ത ഐക്യം വഖഫ് നിയമ ഭേദഗതിയില്‍ ഇന്ത്യാ മുന്നണിയിലുണ്ടായെന്നും പി എം എ സലാം പറഞ്ഞു.
‘എന്ത് നന്മയാണ് നിയമ ഭേദഗതി വഴി ദളിതര്‍ക്ക് ലഭിക്കുക. നിയമ ഭേദഗതിക്ക് മുനമ്പം വിഷയവുമായി ബന്ധമില്ല. ഭരിക്കുന്ന സര്‍ക്കാരിന് വഖഫ് സ്വത്ത് നശിപ്പിക്കാനുളള ഭേദഗതിയാണിത്. മുനമ്പത്തെ ജനങ്ങളെ ബിജെപിയും കേന്ദ്ര സര്‍ക്കാരും തെറ്റിദ്ധരിപ്പിച്ചു’, പി എം എ സലാം പറഞ്ഞു. ലീഗിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും പി എം എ സലാം പറഞ്ഞു.
മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും പി എം എ സലാം കുറ്റപ്പെടുത്തി. സമവായത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും പി എം എ സലാം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണെന്നും മത വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനമ്പത്തെ പ്രശ്‌നം തീര്‍ക്കാന്‍ ലീഗ് തയ്യാറാണെന്നും എന്നാല്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.