ഹരിയാനയില്‍ യൂട്യൂബറും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി. ഭിവാനി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രവീണ സോഷ്യല്‍ മീഡിയ താരമാണ്. മാര്‍ച്ചിലാണ് അതിദാരുണമായ സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രവീണയുടെയും കാമുകന്‍ സുരേഷിന്റെയും രഹസ്യബന്ധം പ്രവീണ്‍ കണ്ടുപിടിച്ചതാണ് പ്രകോപനത്തിന് കാരണം.
2017ല്‍ വിവാഹിതരായ രവീണയ്ക്കും പ്രവീണിനും ആറ് വയസ്സുള്ള മകനുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് രവീണയും സുരേഷും അടുപ്പത്തിലായത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവരും പരിചയത്തിലായത്. ഇവർ തമ്മിലുള്ള ബന്ധത്തെ പ്രവീണ്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രവീണിന്റെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വീഡിയോകള്‍ നിര്‍മിക്കുന്നത് തുടര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് 25ന് വൈകുന്നേരം പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ രവീണയും സുരേഷും ഒന്നിച്ചിരിക്കുന്നത് കണ്ടു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. അന്ന് രാത്രി രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എന്നാല്‍ കുടുംബാംഗങ്ങള്‍ പ്രവീണിനെ അന്വേഷിച്ചപ്പോള്‍ അറിയില്ലെന്ന് രവീണ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.