സ്വകാര്യ ഹജ് ക്വാട്ട; സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടിയിൽ അവ്യക്തത

0
719

ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യക്കാര്‍ക്കുള്ള
സ്വകാര്യ ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അവ്യക്തത

സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകാനിരിക്കുന്ന ഭൂരിപക്ഷം തീര്‍ത്ഥാടകരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇനിയും പരിഹാരമായില്ല. സൗദി അറേബ്യയുടെ ഹജ് മന്ത്രാലയം നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പണം അടക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തിനാലാണ് സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്കായി മാറ്റി വച്ച 52,000 സീറ്റുകളില്‍ 41,600 സീറ്റും നഷ്ടമായത്.

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടെങ്കിലും നഷ്ടമായ സീറ്റുകളില്‍ 10,000 സീറ്റുകള്‍ മാത്രം പുനസ്ഥാപിക്കുന്ന കാര്യമാണ് സൗദി അംഗീകരിച്ചത്. സ്വകാര്യ ഹജ് ക്വാട്ടയില്‍ ബാക്കി വരുന്ന 30,000ലേറെ സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ഹജ് കരാര്‍ പ്രകാരം 1.75 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് ഹജിന് അവസരം. ഈ ക്വാട്ടയില്‍ 52,507 സീറ്റുകളാണ് സ്വകാര്യ മേഖലയ്ക്കായി നീക്കിവച്ചത്. ബാക്കി എല്ലാ സീറ്റും ഹജ് കമ്മിറ്റി നേരിട്ട് കൈകാര്യം ചെയ്യും. സ്വകാര്യ ഹജ് ക്വാട്ടയിലാണിപ്പോള്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ഹജ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള പണമടക്കലിനും കരാറുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗദി ഹജ് മന്ത്രാലയത്തിന്റെ നുസുക് പോര്‍ട്ടല്‍ സമയ പരിധി അവസാനിച്ചതോടെ ക്ലോസ് ചെയ്തിരുന്നു. ഇതോടെയാണ് സീറ്റുകള്‍ നഷ്ടമായത്. ഇപ്പോള്‍ 10,000 തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളിക്കുന്നതിന് നുസുക് പോര്‍ട്ടല്‍ താല്‍ക്കാലികമായി തുറന്നു നല്‍കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ഈ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരാണെന്ന് ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ സ്വതന്ത്രമായാണ് നുസുക് പോര്‍ട്ടല്‍ വഴി എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടത്. എന്നാല്‍ ഭൂരിപക്ഷം ഗ്രൂപ്പുകളും സമയപരിധിക്കുള്ളില്‍ പണം അടക്കുകയും കരാര്‍ സമര്‍പ്പിക്കുകയും ചെയ്തില്ല. ഇതിന്റെ ഫലമായാണ് സൗദി അധികൃതര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മരവിപ്പിച്ചതെന്നാണ് ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞത്.

എന്നാല്‍ സ്വാകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത് മറ്റൊന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഹജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ വീഴ്ചയാണ് ഈ സ്ഥിതിയിലെത്തിച്ചതെന്ന് അവര്‍ ആരോപിക്കന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി അധികൃതര്‍ നടപ്പിലാക്കിയ മാറ്റം അനുസരിച്ച് സ്വകാര്യ ഓപറേറ്റര്‍മാര്‍ സര്‍ക്കാര്‍ ചാനലുകള്‍ വഴിയാണ് പണം അടക്കേണ്ടത്. ഇതുപ്രകാരം ഭൂരിപക്ഷം സ്വകാര്യ ഓപറേറ്റര്‍മാരും സര്‍ക്കാരിന് പണം അടച്ചിട്ടുണ്ട്. അതായത് സ്വകാര്യ ഹജ് ഓപ്പറേറ്റർമാർ അടച്ച പണം സർക്കാരിന്റെ എക്കൗണ്ടിൽ എത്തിയെങ്കിലും സൗദി ഹജ് മന്ത്രാലയത്തിന് ലഭിച്ചില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. 2024ന് മുമ്പ് വരെ എല്ലാ പണമിടപാടുകളും സ്വകാര്യ ഓപറേറ്റര്‍മാര്‍ സൗദി ഹജ് മന്ത്രാലയവുമായി നേരിട്ടാണ് നടത്തിയിരുന്നതെന്നും ഓപറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.