കണി കാഴ്ചയൊരുക്കി വിഷുവിനെ വരവേറ്റ് സഊദി മലയാളികളും

0
712

റിയാദ്∙ കണി കാഴ്ചയൊരുക്കി വിഷു ആഘോഷത്തിൽ സഊദിയിലെ  പ്രവാസി മലയാളി സമൂഹവും. വിഷുദിനം പ്രവർത്തി ദിനമാണെങ്കിലും വിഷുക്കണിയൊരുക്കാനും കൈനീട്ടം നൽകാനും സദ്യവട്ടങ്ങളെല്ലാം തയാറാക്കി മലയാളികൾ. 

ലുലു അടക്കമുള്ള ഹൈപ്പർമാർക്കറ്റുകളും  മലയാളികളെത്തുന്ന ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങളും പ്രത്യേകമായി വിഷു വിപണി ക്രമീകരിച്ചിരുന്ന. പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നകളും കണിയൊരുക്കവുമൊക്കെ ചിത്രീകരിച്ചിരിക്കുന്നത് കൗതുകത്തോടെ കാണുകയും ഒപ്പം നിന്ന് ഫോട്ടോയും വിഡിയോയുമൊക്കെ ചിത്രീകരിക്കാനും സ്വദേശികളും വിദേശികളുമൊക്കെ തിരക്കുകൂട്ടുന്നതും കാണാം. ഗൃഹാതുരമുണർത്താൻ കാളവണ്ടിയും, ചുണ്ടൻവള്ളവും, കൊന്നപ്പൂക്കളും എല്ലാമായി കമനീയമാക്കിയ  വിഷു ചന്തയാണ്  അൽക്കോബാർ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.

കണിക്കൊന്ന പൂക്കളും കണിവെള്ളരിയും കസവ് ഉടയാടകളും ചക്കയും മാങ്ങയുമടക്കം പലതരം ഫലവർഗ്ഗങ്ങളും ഉരുളിയും വാൽക്കണ്ണാടിയും, സർവ്വാണിസദ്യ അടക്കമുള്ളവ പ്രത്യേക വിലക്കിഴിവുമൊക്കെ നൽകിയാണ് വിഷു വിപണി. വിഷു സദ്യക്കുള്ള പച്ചക്കറികളും കിറ്റുകളും പ്രത്യേകമായി മിക്ക ഹൈപ്പർമാർക്കറ്റുകളും നൽകുന്നു. പായസവും പ്രഥമനുമടക്കം  32 ഇനങ്ങളുള്ള വിഭവസമൃദ്ധമായ സദ്യവട്ടമാണ് മലയാളി ഹോട്ടലുകളും റസ്റ്ററന്റുകളും ഒരുക്കിയിരിക്കുന്നത്. 

അവധി ദിനം അല്ലാത്തതിനാൽ മിക്കയിടവും വിഷുസദ്യക്ക് തിരക്ക് കൂടാൻ സാധ്യതയാണ് ഹോട്ടലുകൾ കണക്കുകൂട്ടുന്നത്. ആവശ്യമായവർക്കായി പാഴ്സൽ അടക്കം വിഷു സദ്യക്കുള്ള മുൻകൂർ ബുക്കിങ് നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞി രുന്നു. വിഷുദിനത്തിൽ സദ്യയോടൊപ്പം പലതരം പായസങ്ങളും പ്രഥമനുമൊക്കെയുള്ള പായസമേളയാണ്  ചില സ്ഥാപനങ്ങൾ നടത്തുന്നത്. 

നാട്ടിലെപ്പോലെ തന്നെ വിഷുകണിയൊരുക്കാൻ ആവശ്യമായതെല്ലാം ഇവിടെയും ലഭിക്കുന്നതിന്റെ ആഹ്ളാദം  ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നവർ മറച്ചുവെക്കാതെ  അവേശത്തോടെ പ്രകടിപ്പിക്കുന്നതും കാണാം. ഒരു പിടി കൊന്നപ്പൂക്കൾക്ക് 5 റിയാൽ മുതൽ  18 റിയാൽ വരെ ആണ് വില ഈടാക്കുന്നത്.