പ്രതിമാസം 6000 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുക്കും; നിയമലംഘനം തടയാൻ നടപടിയുമായി പോലീസ്

0
735

ഷാർജ: ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ ഷാർജ പൊലീസ് നടപടി തുടങ്ങി. പ്രതിമാസം 6000 ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുക്കുന്നത്. നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ പട്രോളിങ് വകുപ്പ് മേധാവി ലഫ്. കേണൽ ഡോ. മർസൂഖ് ഖൽഫാൻ അൽ നഖ്ബി പറഞ്ഞു.

ഇ – സ്കൂട്ടറുകൾ, സൈക്കിളുകൾ, മോട്ടർ സൈക്കിളുകൾ തുടങ്ങിയവയുടെ സഞ്ചാരം പൊലീസ് കർശനമായി നിരീക്ഷിക്കും. അനുമതിയില്ലാത്ത റോഡുകളിലൂടെ ഇത്തരം വാഹനങ്ങളുമായി ഇറങ്ങുന്നവരെ കയ്യോടെ പിടികൂടും. മുനിസിപ്പാലിറ്റിയുടെയും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെയും സഹകരണത്തോടെയാകും പരിശോധന.

ഇ- സ്കൂട്ടർ, സൈക്കിൾ സവാരിക്കാർക്കായി പ്രത്യേക പാതകൾ എമിറേറ്റിന്റെ വിവിധ മേഖലകളിൽ നിർമിച്ചിട്ടുണ്ട്. മലീഹ റോഡ്, അൽ ഹീറ ബീച്ച്, പാർക്കുകൾ എന്നിവയ്ക്ക് സമീപം നിർമിച്ച സൈക്കിൾ പാതകൾ പ്രയോജനപ്പെടുത്താം. പിടിച്ചെടുക്കുന്ന സൈക്കിളുകൾ പുനരുൽപാദനത്തിന് വേണ്ടി പരിസ്ഥിതി കമ്പനിയായ ബീഅയ്ക്ക് കൈമാറും.