ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ നഴ്‌സിങ് കോളജിലെ മലയാളി പ്രിന്‍സിപ്പലിനെതിരെ മതപരിവർത്തനം ചുമത്തി കേസെടുത്തു

0
630

റായ്പൂർ: ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ നഴ്‌സിങ് കോളജിലെ മലയാളി കന്യാസ്ത്രീയും പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ മതപരിവർത്തനക്കുറ്റം ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ട നിര്‍ബാധം തുടരുന്നതിനിടെയാണ് പുതിയ സംഭവം. മധ്യപ്രദേശിലെ ജബല്‍പൂരിലും ഒഡിഷയിലെ ബഹറാംപൂരിലും മലയാളി കത്തോലിക്ക വൈദികരെ സംഘപരിവാര്‍ സംഘടനയില്‍ പെട്ടവരും പൊലീസും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു.

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി ജോസഫ്. വിദ്യാര്‍ഥിനിയുടെ പരാതി പ്രകാരമാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫ് പറഞ്ഞു. 32 ശതമാനം മാത്രം ഹാജരുള്ള പെൺകുട്ടി പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയിരുന്നില്ല. ഇവ പൂർത്തിയാക്കിയാൽ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ വിവരമറിയിച്ചതിന് പിന്നാലെയാണ് കുട്ടി പൊലീസിൽ മതപരിവർത്തന പരാതി നൽകിയത്.

ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി അവസാന വര്‍ഷ വിദ്യാർഥിയായ പരാതിക്കാരി ഈ വര്‍ഷം ജനുവരി മുതല്‍ കോഴ്‌സിന്റെ ഭാഗമായുള്ള ഹോസ്പിറ്റല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കയാണ്. ഇതോടൊപ്പം അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായ തിയറി ക്ലാസുകള്‍ക്കും വരാറില്ലായിരുന്നു. ഇങ്ങനെ നിരന്തരം പ്രതിദിന ക്ലാസുകളില്‍ നിന്നും പ്രാക്ടിക്കലുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അധ്യാപകരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുമായി കോളജിലെത്താന്‍ താന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ല.

കോളജില്‍ നിന്ന് പലവട്ടം നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പെണ്‍കുട്ടി കോളജില്‍ ഹാജരായി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കയുള്ളു എന്നറിയിച്ചു. നിലവില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷക്ക് എഴിതാന്‍ കഴിയുകയുള്ളൂ. പരാതിക്കാരിക്ക് വെറും 32 ശതമാനം ഹാജര്‍ മാത്രമാണുള്ളത്. എന്നിട്ടും തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചു. പക്ഷേ, പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവെന്ന് കുട്ടിയോട് വ്യക്തമാക്കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരാതിക്കാരിയുടെ അമ്മയേയും സമയാസമയങ്ങളില്‍ അറിയിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് പെണ്‍കുട്ടി ജില്ല കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബിന്‍സി സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് ഈ മാസം രണ്ടിന് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ മതം മാറ്റാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സ്ഥാപനത്തിനെതിരെ ഒരിക്കല്‍ പോലും ഇത്തരം ആരോപണങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ബിന്‍സി പറഞ്ഞു. തികച്ചും കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1958ല്‍ കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ ഒരു ചെറിയ ഡിസ്‌പെന്‍സറിയായി ആരംഭിച്ചതാണ് ഹോളി ക്രോസ് ആശുപത്രി. ഇന്നിപ്പോള്‍ 150 കിടക്കകള്‍ ഉള്ള ആധുനിക സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു. ജാഷ്പൂര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനമാണ് ഹോളിക്രോസ് ആശുപത്രി.