വസ്ത്രം ഊരിവാങ്ങി, റെസ്റ്റ് റൂം അനുവദിച്ചില്ല; USവിമാനത്താവളത്തിൽ ഇന്ത്യൻ സംരംഭകയ്ക്ക് ദുരനുഭവം

0
916

അലാസ്ക: അമേരിക്കയിൽ വിമാനത്താവളത്തിൽ ഇന്ത്യൻ സംരംഭകയ്ക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ദുരനുഭവം. പോലീസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) ചേർന്ന് തന്നെ എട്ട് മണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി യുവതി ആരോപിച്ചു. ശ്രുതി ചതുർവേദി എന്ന സംരംഭകയാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അലാസ്കയിലെ വിമാനത്താവളത്തിലാണ് സംഭവം. ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥൻ തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയയാക്കിയെന്നും റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. തന്റെ ഹാൻഡ്‌ബാഗിലുണ്ടായിരുന്ന പവർ ബാങ്കിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇതെന്നും യുവതി പറയുന്നു.

എട്ടുമണിക്കൂറോളം തടഞ്ഞുവച്ചതിനെ തുടർന്ന് തന്റെ വിമാന യാത്ര മുടങ്ങിയതായും യുവതി ആരോപിച്ചു. മൊബൈൽ ഫോണും വാലറ്റും അധികൃതർ കൈവശപ്പെടുത്തി. തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ച വസ്ത്രം ഊരിവാങ്ങി, തണുത്ത മുറിയിൽ മണിക്കൂറുകളോളം ഇരുത്തി. യുവതി എക്സിൽ കുറിച്ചു.വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പെടെ ടാഗ് ചെയ്താണ് ശ്രുതി പോസ്റ്റ് പങ്കുവെച്ചത്.