ചുമത്തപ്പെട്ട കേസുകൾ ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ, 37 വര്‍ഷം ജയില്‍ ശിക്ഷ; ഒടുവില്‍ കോടതി പറഞ്ഞു സോറി നിങ്ങളല്ല അത് ചെയ്തത്

0
1734

പതിനെട്ടാം വയസ്സില്‍ വയസ്സില്‍ ബലാത്സംഗ, കൊലപാതക കേസില്‍ പെട്ട് 37 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കുകയും ഒടുവില്‍ തന്റെ 55-ാമത്തെ വയസ്സില്‍ അത് തെറ്റായ കേസായിരുന്നുവെന്നതിന്റെ പേരില്‍ ജയില്‍മോചിതനാവുകയും ചെയ്ത അമേരിക്കയിലെ റോബര്‍ട്ട് ഡുബോയ്‌സിന്റ കഥ സിനിമാക്കഥയെ വെല്ലുന്നതാണ്. ഒടുവില്‍ റോബര്‍ട്ടിന് 116 കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാരിന് കൊടുക്കേണ്ടി വന്നു. പക്ഷേ, നഷ്ടപരിഹാരത്തിനപ്പുറം നല്ല കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്ന റോബര്‍ട്ടിന്റെ ജീവിതത്തിന് ആര്‍ക്കാണ് മറുപടി നല്‍കാന്‍ കഴിയുക. ആ കഥയൊന്ന് നോക്കാം.

കൊല്ലപ്പെട്ടത് 19 കാരി, കവിളിലെ കടിയേറ്റ പാടില്‍ തുടങ്ങിയ അന്വേഷണം

1983 ഓഗസ്റ്റ് 19 ന് രാവിലെ എട്ട് മണിയോട് കൂടിയാണ് ഫ്‌ളോറിഡയിലെ താമ്പ നഗരത്തിനോട് ചേര്‍ന്ന നോര്‍ത്ത് ബൗള്‍വാര്‍ഡില്‍ ബാര്‍ബറ ഗ്രാംസ് എന്ന 19 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ളോറിഡയിലെ താമ്പ നഗരത്തിലെ റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവതിയെ ആരോ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്‍ദനമേറ്റ നിലയിലും ബലാത്സംഗം ചെയ്യപ്പെട്ട നിലയിലും ഉപേക്ഷിക്കപ്പെട്ട രീതിയിലുമായിരുന്നു അര്‍ധ നഗ്നമായി കാണപ്പെട്ട ആ മൃതദേഹം.

രക്തത്തില്‍ കുളിച്ച് പലയിടത്തും നീര് വന്ന് വീര്‍ത്ത രീതിയിലുള്ള മൃതദേഹം തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടി. കൊലപാതകം വലിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു. പോലീസ് അന്വേഷണം ഉര്‍ജിതമാക്കി. പെണ്‍കുട്ടിയുടെ കവിളില്‍ കാണപ്പെട്ട കടിയേറ്റ പാടിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൃതദേഹം കാണപ്പെട്ട നഗരപ്രദേശത്തും അന്ന് റസ്റ്റോറന്റിൽ എത്തിയ പുരുഷന്‍മാരെയെല്ലാം പോലീസ് ചോദ്യം ചെയ്തു. അതില്‍പെട്ടതായിരുന്നു റോബര്‍ട്ട് ഡുബോയ്‌സ്. ഒപ്പം അയാളുടെ സഹോദരനേയും മറ്റൊരു സുഹൃത്തിനേയും ചോദ്യം ചെയ്തു.

ഹില്‍സ്‌ബൊറോ കൗണ്ടി മെഡിക്കല്‍ വിദഗ്ധനായ ഡോ.മില്ലറായിരുന്നു ബാര്‍ബറ ഗ്രാംസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇദ്ദേഹമാണ് പെണ്‍കുട്ടിയുടെ കവിളില്‍ പല്ലിന്റെ പാടുണ്ടെന്നും ഉമിനീരിന്റെ അംശമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് നല്‍കിയത്. പ്രധാന കണ്ടെത്തല്‍ എന്ന നിലയ്ക്ക് ദന്തരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പുരുഷന്‍മാരുടെ പല്ലുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. പ്രത്യേക തരത്തിലുള്ള ബീസ്‌വാക്‌സ് ഉപയോഗിച്ച് പല്ലുകളുടെ പരിശോധന നടത്തണമെന്ന് നിര്‍ദേശവും ലഭിച്ചിരുന്നു. ഇതനുസരിച്ച് സംശയമുള്ള 100 പേരില്‍ പരിശോധന നടത്തുകയും ചെയ്തു.

അന്വേഷണത്തിനൊടുവില്‍ റോബര്‍ട്ട് ഡുബോയ്‌സിന്റെ പല്ലുകളുടെ പാടാണ് കൊല്ലപ്പെട്ട ബാര്‍ബറ ഗ്രാംസിന്റെ കവിളില്‍ കാണപ്പെട്ടതെന്ന നിലപാടിലേക്ക് പോലീസ് എത്തുകയും ചെയ്തു. ഇതോടെ തന്റെ 18-ാമത്തെ വയസ്സില്‍ റോബര്‍ട്ട് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 1985 ഫെബ്രുവരി 25 ന് ആണ് ഹില്‍സ്‌ബൊറോ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വെറും പന്ത്രണ്ട് ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ റോബര്‍ട്ട് തന്നെയാണ് കുറ്റക്കാരനെന്ന് കോടതിയും കണ്ടെത്തി. വധശിക്ഷയായിരുന്നു ആദ്യം വിധിച്ചത്. പിന്നീട് മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. ഇതിനിടെ വലിയ നിയമപോരാട്ടവും നടന്നു.

പല്ലിന്റെ പാട് തന്റേതല്ലെന്ന വാദമായിരുന്നു റോബര്‍ട്ട് ഉന്നയിച്ചിരുന്നത്. പക്ഷേ, ഇത് നിലനില്‍ക്കാത്തതാണെന്നും ഒരിക്കലും തെറ്റില്ലെന്നും ദന്തരോഗ വിദഗ്ധര്‍ക്ക് വേണ്ടി വക്കീലന്‍മാര്‍ കോടതിയില്‍ വാദിച്ചു. പക്ഷേ, ഡി.എന്‍.എ പരിശോധന റോബഹര്‍ട്ടിന് അനുകൂലമായതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. മാത്രമല്ല മറ്റ് രണ്ട് പേരാണ് പ്രതികളെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ തന്റെ 55-ാമത്തെ വയസ്സില്‍ 2020 സെപ്തംബര്‍ 14 ന് ആണ് റോബര്‍ട്ടിനെ ജയില്‍മോചിതനാക്കുന്നത്. തന്റെ നല്ലകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നുവെങ്കിലും നിരപരാധിത്വം തെളിയിക്കാനായതായിരുന്നു റോബര്‍ട്ടിന്റെ ആശ്വാസം പക്ഷേ, നിയമപോരാട്ടം അവിടെയും തീര്‍ന്നില്ല.

116 കോടിയുടെ നഷ്ടപരിഹാരം വിധിച്ച കോടതി

തെറ്റായ കേസില്‍ ഒരു മനുഷ്യന്റെ ജീവിതം മുഴുവന്‍ ഇല്ലാതാക്കിയ പോലീസ് നടപടിയെ അങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല റോബര്‍ട്ട്. തന്റെ നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിനും നഷ്ടപ്പെട്ട അന്തസ്സിനും നഷ്ടപ്പെട്ട നല്ലകാലത്തിനമെല്ലാം ബദലായി 116 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് നിയമവിദഗ്ധര്‍ മുഖേന റോബര്‍ട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇത് സര്‍ക്കാരിനെ പിടിച്ച് കുലുക്കുകയും ചെയ്തു. ഒരാളെ തെറ്റായി അറസ്റ്റ് ചെയ്തത് കൊണ്ട് ഗുണം കിട്ടിയത് യഥാര്‍ഥ കുറ്റവാളികള്‍ക്കാണ്. പകരം നിരപരാധിയായ യുവാവിന്റെ ജീവിതം തകര്‍ത്തു. അതിക്രൂരമായി കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിച്ചില്ല. റോബര്‍ട്ടിന്റെ വക്കീലന്‍മാര്‍ കോടതിയില്‍ പറഞ്ഞതിനെ ആര്‍ക്കും തള്ളിക്കളയാന്‍ കഴിഞ്ഞില്ല.

റോബര്‍ട്ടിന്റെ ജയില്‍ ജീവിതം ഒരു പാഠമാകണമെന്നും എന്നാല്‍ മാത്രമേ ഭാവിയിലും ഇത്തരം കേസുകളില്‍ യഥാര്‍ഥ അന്വേഷണത്തിലേക്കെത്താന്‍ പോലീസിന് സാധിക്കുകയുള്ളൂവെന്നും പൊതുജന താല്‍പര്യം എന്ന രീതിയില്‍ ഈ നഷ്ടപരിഹാരക്കേസിനെ കാണമെന്നും നിയമവിദഗ്ധര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദത്തെ കോടതി അംഗീകരിക്കുകയും ചെയ്തു. 2024 ഫെബ്രുവരി 18 ന് ആണ് റോബര്‍ട്ടിന് 116 കോടി (14 മില്ല്യണ്‍ ഡോളര്‍) നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവിട്ടത്. മറ്റൊരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്ന അമോസ് റോബിന്‍സണ്‍, അബ്രോണ്‍ സ്‌കോര്‍ട്ട് എന്നിവാരണ് അന്ന് പെണ്‍കുട്ടിയെ ബലത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത് എന്നായിരുന്നു പിന്നീടുള്ള കണ്ടെത്തല്‍.

പുതിയ കണ്ടെത്തൽ, കേസില്‍ സാക്ഷികളായ ദന്തരോഗ വിദഗ്ധര്‍ നിഷേധിച്ചിരുന്നു. മാത്രമല്ല റോബര്‍ട്ട് ജയില്‍ അധികൃതരോട് കുറ്റസമ്മതം നടത്തിയതാണെന്നും വാദിച്ചിരുന്നു. പക്ഷേ, ഇതിനെയൊന്നും കോടതി അംഗീകരിച്ചില്ല. റോബര്‍ട്ടിന് 116 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാരത്തുക മൂന്ന് തവണയായി നല്‍കണമെന്നാണ് കേസ് തീര്‍പ്പാക്കിക്കൊണ്ട് കഴിഞ്ഞ ജനുവരി 11 ന് കോടതി വിധിച്ചത്. 2024 ല്‍ ഒമ്പത് മില്ല്യണ്‍ ഡോളര്‍, 2025 ല്‍ മൂന്ന് മില്ല്യണ്‍ ഡോളര്‍, 2026 ല്‍ രണ്ട് മില്ല്യണ്‍ ഡോളര്‍ ഈ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

കാര്‍യാത്രയ്ക്കിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം

ജോലികഴിഞ്ഞ് താമ്പ നഗരത്തിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ബാര്‍ബറ ഗ്രാംസിനെ കാര്‍യാത്രയ്ക്കിടെ റോബര്‍ട്ട് ഡുബോയ്‌സും സഹോദരനും സുഹൃത്തും കണ്ടെന്നും തട്ടിക്കൊണ്ടുപോയി ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചുവെന്നുമായിരുന്നു കേസിന്റെ വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ കവിളിലെ പാട് തെളിയിക്കുന്നതിനായി ദന്തരോഗ ഡോക്ടറില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കി. റോബര്‍ട്ട് കുറ്റസമ്മതം നടത്തിയായി ജയില്‍ അധികൃതരും സാക്ഷ്യപത്രം നല്‍കി. തെളിവില്ല എന്നതിന്റെ പേരില്‍ സഹോദരനെതിരേയും സുഹൃത്തിനെതിരേയും കേസെടുത്തില്ലെങ്കിലും റോബര്‍ട്ടിനെ ശിക്ഷിക്കുകയായിരുന്നു. 1985 ല്‍ വധശിക്ഷ വിധിച്ച കേസില്‍ 1988 ല്‍ ആണ് ഫ്‌ളോറിഡ സുപ്രീംകോടതി ജീവപര്യന്തം ശിക്ഷയായി കുറച്ചത്.

കേസില്‍പെട്ട നിരപരാധികളെ സഹായിക്കുന്ന സന്നദ്ധ സംഘടന ഇന്നസെന്‍സ് പ്രോജക്ട് ഓര്‍ഗനൈസേഷന്‍ 2018 ല്‍ റോബര്‍ട്ടിന്റെ കേസ് ഏറ്റെടുത്തതോടെയാണ് ഇതില്‍ വഴിത്തിരിവുണ്ടാകുന്നത്. സംഘടന വഴി കേസിനെതിരേ റോബര്‍ട്ട് വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തു. കൊല്ലപ്പെട്ട ബാര്‍ബറ ഗ്രാംസിന്റെ കവിളില്‍ കാണപ്പെട്ടത് കടിയേറ്റതുമൂലമുണ്ടായ പാടല്ലെന്നും ജയില്‍ അധികൃതര്‍ ഹാജരാക്കിയ കുറ്റസമ്മത സാക്ഷ്യപത്രത്തിന് വിശ്വാസ്യതയില്ലെന്നുമായിരുന്നു റോബര്‍ട്ടിന്റെ നിയമവിദഗ്ധരുടെ വാദം. ഈ സാക്ഷ്യപത്രത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാദിച്ചിരുന്നു.

നേരത്തെ നടത്തിയ വാക്‌സ് പരിശോധനാഫലത്തിലടക്കം പുനഃപരിശോധന നടത്തണമെന്നും വാദിച്ചിരുന്നു. ഇതിന് ശേഷമാണ് കവിളിലെ പാട് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനയടക്കം നടത്തിയത്. ഡി.എന്‍.എ ഫലത്തില്‍ ബാര്‍ബറ ഗ്രാംസിന്റെ കവിളില്‍ കാണപ്പെട്ട പാട് റോബര്‍ട്ടിന്റേയോ, സഹോദരന്റെയോ സുഹൃത്തിന്റേയോ പല്ലിന്റെ പാടല്ലെന്ന് വ്യക്തമായി. ഇതോടെ റോബര്‍ട്ടിനെ ജയില്‍മോചിതയാക്കുകയെന്നതല്ലാതെ മറ്റൊരു വഴിയും കോടതിയുടെ മുന്നിലുമുണ്ടായിരുന്നില്ല.

2020 ഓഗസ്റ്റ് 26 ന് ആണ് റോബര്‍ട്ട് ഡുബോയ്‌സിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. അന്ന് തന്നെ ഹര്‍ഡി കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നും ഡുബോയ്‌സിനെ മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 10 ന് ആണ് ഇയാള്‍ക്കെതിരെയുള്ള എല്ലാ കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ 14 ന് അനുകൂല വിധി ലഭിക്കുകയും ചെയ്തതോടെ റോബര്‍ട്ട് കേസില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കപ്പെടുകയും ചെയ്തു.

ഇതിന് ശേഷം 2021 ഒക്ടോബറിലാണ് വ്യാജക്കേസില്‍ പെടുത്തി ശിക്ഷിച്ചതിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോബഹര്‍ട്ട് കോടതിയെ സമീപിച്ചത്. 2023 ല്‍ 116 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ഫ്‌ളോറിഡ ഭരണകൂടം ബില്ലില്‍ ഒപ്പുവെക്കുകയും ചെയ്തു.

കടപ്പാട്: മാതൃഭൂമി ഓൺലൈൻ