യുവതിക്ക് പെട്രോൾ പമ്പിലെ മൂത്രപ്പുര തുറന്ന് നൽകിയില്ല, ബലമായി തുറന്നുനൽകിയത് പോലീസ്; പമ്പുടമയ്ക്ക് 1.65 ലക്ഷം രൂപ പിഴ

0
1540

പത്തനംതിട്ട: അധ്യാപികയ്ക്ക് പെട്രോൾപമ്പിലെ ശൗചാലയം തുറന്നുനൽകാത്തതിന് വൈകിയതിന് പമ്പുടമയ്ക്ക് 1,65,000 രൂപ പിഴ. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടിൽ സി.എൽ. ജയകുമാരിയുടെ ഹർജിയിൽ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 1,50,000 രൂപ നഷ്ട‌പരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേർത്താണ് 1,65,000 രൂപ പരാതിക്കാരിക്ക് നൽകേണ്ടത്.

2024 മേയ് ഏട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11-ന് കാർ യാത്രക്കിടയിൽ പയ്യോളിയിലെ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയപ്പോൾ ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോൽ ആവശ്യപ്പെട്ടപ്പോൾ സ്റ്റാഫ് പരുഷമായി സംസാരിച്ചു. താക്കോൽ മാനേജരുടെ പക്കലാണെന്നും നിങ്ങൾക്ക് മനസിലാകില്ലേയെന്നുമായിരുന്നു പമ്പിലെ ജീവനക്കാരുടെ പ്രതികരണം. ഡീലറുടെയും മാനേജറുടെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പയ്യോളി സ്റ്റേഷനിൽ വിളിച്ചതിനെത്തുടർന്ന് പോലീസെത്തി ശൗചാലയം ബലമായി തുറന്നുനൽകുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ കോടതിയിലും പരാതി നൽകി.

ജീവിതത്തിലൊരിക്കലെങ്കിലും മിക്ക സ്ത്രീകളും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. പെട്രോൾ പമ്പുകളിൽ ഇത്തരം സൗകര്യം ഒരുക്കണമെന്ന് നിർദേശമുള്ളത് സ്ത്രീകളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ്. ഈ വിധി പൊതുസമൂഹത്തിലെ ഓരോ സ്ത്രീക്കും അർഹതപ്പെട്ടതാണെന്നും ജയകുമാരി ഒരു ചാനലിനോട് പറഞ്ഞു.