എനിക്ക് എന്റെ കുടുംബം പോലെയാണ് ഇന്ത്യയും. അത്, 38 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാർ, യുഎഇയെ അവരുടെ രണ്ടാം വീടായി കരുതുന്നതു കൊണ്ട് മാത്രമല്ല, ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ, തലമുറകളുടെ പാരമ്പര്യമുള്ളതു കൊണ്ടു കൂടിയാണ്. ഇന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെയും നേതൃത്വത്തിൽ, ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം, വിശാലമായ സൗഹൃദത്തിന്റെ അടിത്തറയിൽ കൂടുതൽ ബലപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്, ഇന്ന് ആദ്യമായി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുമ്പോൾ, മക്തും കുടുംബത്തിലെ നാലു തലമുറകൾക്ക് ഇന്ത്യയുമായുള്ള അഭേദ്യ ബന്ധത്തിന്റെ ചരിത്രവും ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇന്ത്യയുമായി ചേർന്നു കണ്ട സ്വപ്നങ്ങളുടെ, സൗഹൃദത്തിന്റെ, വിശ്വാസത്തിന്റെ കഥകളാണ് മക്തും കുടുംബത്തിന് ഈ അവസരത്തിൽ പങ്കുവയ്ക്കാനുള്ളത്. ഒരുപക്ഷേ, എന്റെ കുടുംബത്തിന്റെ നാലു തലമുറകളെ ഹൃദയപൂർവം സ്വീകരിച്ച അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നു ഞാൻ കരുതുന്നു.
ഒരു നൂറ്റാണ്ട് മുൻപ്, എന്റെ വലിയ മുത്തച്ഛൻ, ഷെയ്ഖ് സായീദ് ബിൻ മക്തും അൽ മക്തും ചികിൽസാർഥം നിരന്തരം ഇന്ത്യ സന്ദർശിച്ചിരുന്നു. ഓരോ യാത്രയിലും സ്വന്തം വീടു പോലെയാണ്, ഇന്ത്യ അനുഭവപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. യുഎഇയുടെ രൂപീകരണത്തിനു മുൻപ് തന്നെ ഇന്ത്യൻ വ്യാപാരികൾ, ദുബായിയെ സുപ്രധാന വ്യാപാര തുറമുഖമായാണ് കണ്ടിരുന്നത്. അവർ സുഗന്ധ വ്യഞ്ജനങ്ങളും പട്ട് തുണികളും വിൽക്കുക മാത്രമായിരുന്നില്ല, ഈ നഗരവുമായി, ഇവിടത്തെ ജനങ്ങളുമായി സൗഹൃദത്തിന്റെ ആഴമേറിയ ബന്ധങ്ങൾ കൂടി സൃഷ്ടിച്ചു.
എന്റെ മുത്തച്ഛൻ ഷെയ്ഖ് റാഷിദ് ബിൻ സായീദ് അൽ മക്തും 1960ൽ ബർദുബായിൽ ഇന്ത്യൻ ബിസിനസ് ലൈസൻസ് എന്ന പേരിൽ പ്രത്യേക ലൈസൻസ് അനുവദിച്ചു. പിന്നീട്, ഇന്ത്യൻ സംരംഭകർ ദുബായിയുടെയും യുഎഇയുടെയും വിജയഗാഥകളിൽ അതിപ്രധാനവും അവിഭാജ്യവുമായി ഘടകങ്ങളായി മാറി. ഇന്ത്യയുമായുള്ള ബന്ധം പ്രാചീന കാലം മുതലുള്ളതാണ്. ദുബായിലെ സറൂഖ് അൽ ഹാദിദ് എന്ന മേഖലയിൽ നടത്തിയ ആർക്കിയോളജിക്കൽ പരിശോധനയിൽ 3000 വർഷം പഴക്കമുള്ള ഇന്ത്യൻ മുത്തുകളും മൺ പാത്രങ്ങളും കണ്ടെത്തിയതിയതിൽ നിന്ന്, ഇരു പ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പഴക്കം മനസിലാക്കാം.
ഇന്ത്യയുടെ ആതിഥേയത്വത്തിന്റെ ഊഷ്മളതയും ഇന്ത്യൻ ജനങ്ങളുടെ ഉൽസാഹവും എനിക്ക് ഏറ്റവും സുപരിചിതമായി കാര്യമാണ്.
സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഇന്ത്യ – യുഎഇ വ്യാപാര ബന്ധത്തിനു പുതിയ ഊർജമായി മാറി. 2023 – 2024 സാമ്പത്തിക വർഷത്തെ ഉഭയകക്ഷി വ്യാപാരം 8450 കോടി ഡോളറിൽ എത്തി. എത്രയും വേഗം 10000 കോടി ഡോളർ എന്ന നാഴിക്കല്ല് നമ്മൾ പിന്നിടും.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ 7500 കോടി ഡോളർ നിക്ഷേിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. യുഎഇയുടെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ സമൂഹം നൽകുന്ന നിർലോഭമായ സംഭാവനയ്ക്കുള്ള നന്ദി സൂചകമാണ് ഈ നിക്ഷേപം. നിർമാണ തൊഴിലാളികൾ മുതൽ വ്യവസായ പ്രമുഖർ വരെ നീളുന്ന ഇന്ത്യൻ പ്രവാസികൾ, യുഎഇയുടെ ദേശീയ സമ്പദ് ഘടനയ്ക്കു നൽകുന്ന സംഭാവനകൾ അതുല്യമാണ്.
പരമ്പരാഗത മേഖലയായ വിനോദ സഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ മുതൽ നിർമിത ബുദ്ധി, പുനരുപയോഗ ഊർജം, ഭക്ഷ്യ സുരക്ഷ, പ്രതിരോധം വരെ നീളുന്നതാണ് ഇന്ത്യയുമായുള്ള സഹകരണം. ഇതിനു പുറമെ, ബഹിരാകാശ ഗവേഷണ മേഖലയിൽ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്ററും ഇന്ത്യൻ സ്പെയ്സ് റിസർച്ച് സെന്ററുമായുള്ള തന്ത്രപ്രധാന സഹകരണം, ബഹരികാശ മേഖലയിൽ ഇരുരാജ്യങ്ങൾക്കും പുതിയ കരുത്തായി മാറും. സാമ്പത്തിക മേഖലയിൽ ഇന്ത്യയുടെ യുപിഐ സേവനങ്ങളുമായുള്ള സഹകരണം ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇരുവർക്കും ഇടയിലെ പുതിയ പാലമായി മാറി.
ഇന്ത്യയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി ഡൽഹിയും ഐഐഎം അഹമ്മദാബാദും അവരുടെ രാജ്യാന്തര ക്യാംപസുകൾ തുറക്കാൻ യുഎഇ തിരഞ്ഞെടുത്തതിലൂടെ, അത് ആഗോള പ്രതിഭകൾക്ക് യുഎഇയിലേക്കു കടന്നു വരാനുള്ള പ്രവേശന കവാടമായി മാറി. ഇരുരാജ്യങ്ങൾക്കും അവരുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന മേഖലയാണ് വിദ്യാഭ്യാസം.
യുഎഇയുടെ ആദ്യ സ്കൂളിനു നേതൃത്വം നൽകിയത്, ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ്. ഞങ്ങളുടെ ആദ്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ, ഈ മേഖലകളോടുള്ള ഞങ്ങളുടെ അടുപ്പത്തിന് വൈകാരികതയുമുണ്ട്. ഈ സുദൃഢ സൗഹൃദം, കേവലം വ്യാപാര – സാമ്പത്തിക മേഖലകൾക്ക് അപ്പുറം വിശാലമാണ്. അത് സാംസ്കാരിക മേഖലയിലും ക്രിക്കറ്റ് ബന്ധത്തിലും വരെ തിളങ്ങി നിൽക്കുന്നു. ഐസിസിയുടെ സുപ്രധാന ഹോം ഗ്രൗണ്ട് എന്ന നിലയിൽ ദുബായി – ഇന്ത്യ ബന്ധത്തിൽ ക്രിക്കറ്റിനും സുപ്രധാന പങ്കുണ്ട്.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വിജയം ദുബായി സ്റ്റേഡിയത്തിലായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സന്തോഷ പ്രകടനത്തിനു ദുബായ് വേദിയായി. അതേ വികാരം ഇപ്പോൾ ഐപിഎൽ മൽസരങ്ങളിലും കാണാം. ഇന്ത്യൻ സിനിമയുടെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് യുഎഇ. ഞങ്ങളുടെ പരമ്പരാഗത ഗാവ പോലെ തന്നെ, ഞങ്ങൾക്ക് സുപരിചിതമാണ് ഇന്ത്യൻ കറക് ചായയും. അത്തരം മനുഷ്യരുടെ കഥകളും സാംസ്കാരിക ബന്ധങ്ങളും നമ്മുടെ ഭാവി യാത്രയെ രൂപപ്പെടുത്തുന്നു.
2047ൽ ഇന്ത്യ ലക്ഷ്യമിടുന്ന വികസിത ഭാരതവും 2071ൽ ഞങ്ങൾ സ്വപ്നം കാണുന്ന, യുഎഇയുടെ 100ാം വാർഷികവും ഒരേ ദിശയിൽ സഞ്ചരിക്കുന്നവയാണ്. മഹത്വം പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല, അത് കഠിനാധ്വാനത്തിലൂടെയും നിശ്ചയ ദാർഢ്യത്തിലൂടെയും പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും തലമുറകൾ ആർജിച്ചെടുക്കുന്ന ഒന്നാണെന്നാണ് ഞങ്ങളുടെ രാജ്യവും അതിന്റെ നേതാക്കളും മനസിലാക്കുന്നത്.
ഒരിക്കൽ, ചെറിയ വള്ളങ്ങളിൽ നമ്മൾ ആരംഭിച്ച വ്യാപാര പാത, ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ ആകാശ, നാവിക ഇടനാഴികളായി മാറിക്കഴിഞ്ഞു. ആ പഴയ, നൗകയിൽ കച്ചവടം ചെയ്ത സഞ്ചാരികളുടെ ആത്മവിൽ അടിസ്ഥാനമിട്ടതാകണം നമ്മുടെ സഹകരണം. ലോകക്രമത്തിന്റെ മാറ്റങ്ങൾക്കിടയിലും നികുതികൾക്കൊണ്ടുള്ള വെല്ലുവിളികൾക്കു നടുവിലും ഇന്ത്യയുമായുള്ള ബന്ധം അതെപ്പോഴും അടിയുറച്ചതായി തുടരും. ഇന്ത്യയുടെ വിപുലമായ വ്യാപര സാധ്യതകളും വിഭവശേഷിയും വൈദഗ്ധ്യവും യുഎഇയുടെ കർമശേഷിയും ചടുലതയും കാര്യനിർവഹണത്തിലെ വേഗവും ചേരുമ്പോൾ, ഈ ലോകക്രമത്തിൽ ആർക്കാണ് നമ്മെ തടയാനാവുക. ഈ സമവാക്യം അതുല്യമാണ്, ആരാലും തടയാനാവാത്തതുമാണ്.





