ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം രാജ്യത്തെ മത്സ്യമേഖലയ്ക്ക് വൻതിരിച്ചടിയായി. 26 ശതമാനം ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചതെങ്കിലും ആന്റി ഡംപിങ് ഡ്യൂട്ടി (2.49 ശതമാനം), കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടി (5.77 ശതമാനം) എന്നിവയും ചേരുമ്പോൾ ആകെ ചുങ്കം 34.26 ശതമാനമാകും.
കടലാമകൾ വലയിൽ കുടുങ്ങാതിരിക്കാനുള്ള ടെഡ് (ടർട്ടിൽ എക്സ്‌ക്ലൂഡർ ഡിവൈസ്) പിടിപ്പിക്കാത്തതിനാൽ ഇപ്പോൾത്തന്നെ ഇന്ത്യൻ സമുദ്രങ്ങളിൽനിന്നുള്ള ചെമ്മീൻ അമേരിക്ക എടുക്കുന്നില്ല. അക്വാകൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീനാണ് മുഖ്യമായും കയറ്റിയക്കുന്നത്. വിവിധ സമുദ്രോത്പന്നങ്ങളുമായി രണ്ടായിരത്തോളം കപ്പലുകൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയിലാണ്.
ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് പുറപ്പെട്ടതിനാൽ അവയ്ക്ക് 10 ശതമാനം ചുങ്കമേ വരൂ. എന്നാൽ, തുടർന്ന് ചരക്കയക്കുന്നത് തത്കാലം നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് അവിടത്തെ കച്ചവടക്കാർ. ഇതാണ് മത്സ്യമേഖലയ്ക്ക് വൻ തിരിച്ചടിയാകുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള മത്സ്യത്തൊഴിലാളികളെവരെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
ഇതിനെക്കാൾ തലവേദനയാകുന്ന മറ്റൊരു പ്രശ്നവുമുണ്ട്. മൂല്യവർധന നടത്താനായി ചെമ്മീൻ വിയറ്റ്‌നാം, ഇൻഡൊനീഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റിവിടാറുണ്ട്. മൂല്യവർധന വരുത്തി അവർ അമേരിക്കയിലേക്ക് അയക്കും. എന്നാൽ, വിയറ്റ്‌നാം, ഇൻഡൊനീഷ്യ, തായ്‌ലാൻഡ് എന്നിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഇനി യഥാക്രമം 46, 36, 35.9 ശതമാനം തീരുവ ചുമത്തും. അതിനാൽ, ഇന്ത്യയിൽനിന്നു ചെമ്മീൻ വാങ്ങി മൂല്യവർധന വരുത്തി അമേരിക്കയിലേക്കു അയക്കുന്നത് ആ രാജ്യങ്ങൾക്കു ബാധ്യതയാകും.
ആ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച കപ്പലുകൾക്ക് അവിടെ ചരക്കിറക്കാനാകുമോ അതോ തിരിച്ചയക്കുമോ എന്നതിൽ വ്യക്തതയില്ലെന്ന് സീ ഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. തിരിച്ചയച്ചാൽ കോടികളുടെ ബാധ്യതയുണ്ടാക്കും. ഇതു മത്സ്യത്തൊഴിലാളികളെ വരെ ബാധിക്കും. പ്രതിസന്ധി സംബന്ധിച്ച സർക്കാർതല ചർച്ചകൾക്കായി അസോസിയേഷൻ നേതാക്കൾ ഡൽഹിയിൽ പോയിട്ടുണ്ട്.