കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ എന്നാണ് വിവരം. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഇന്നു പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാൻ ഇടിയ്ക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ പിക്കപ്പ് വാൻ വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളിലുള്ളവരെ പുറത്ത് എടുത്തത്. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വരികയായിരുന്നു ലോറി.
ഇന്റീരിയർ ജോലി ചെയ്യുന്ന ജീവനക്കാരാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും പിക്കപ്പ് വാനും ക്രെയിൻ ഉപയോഗിച്ച് നീക്കി. റോഡിൽ വീണ ഓയിലും ഡീസലും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം കഴുകി വൃത്തിയാക്കി.