മലേഷ്യയിലിരുന്ന് ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചു; പ്രതിക്ക് 46 വര്‍ഷം തടവും 90,000 രൂപ പിഴയും

0
1458

കോട്ടയം: മലേഷ്യയിലിരുന്ന്, കോട്ടയത്തുള്ള ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് 46 വര്‍ഷം തടവും 90,000 രൂപ പിഴയും. തിരുവനന്തപുരം മേല്‍വെട്ടൂര്‍ കെട്ടിടത്തില്‍ വീട്ടില്‍ എസ്. ഷിജു (37) വിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി വി.സതീഷ് ശിക്ഷിച്ചത്.

2021 ജനുവരിയിലായിരുന്നു സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ ഫോണിലേക്ക് വിദേശത്തുനിന്നുള്ള മിസ്ഡ് കോളെത്തിയതോടെയാണ് സംഭവത്തിന് തുടക്കം. വിദേശത്തുള്ള മക്കള്‍ വിളിച്ചതെന്ന് തെറ്റിദ്ധരിച്ച് മുത്തശ്ശി തിരിച്ചുവിളിച്ചു. പ്രതി മുത്തശ്ശിയുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടെ പ്രതി, വീട്ടിലെ പേരക്കുട്ടിയെ ഫോണിലൂടെ ബയോളജി പഠിപ്പിക്കാമെന്ന് ഏറ്റു. ഇതുപറഞ്ഞ് കുട്ടിയുമായും അടുപ്പത്തിലായി. ഫോണിലൂടെ പഠിപ്പിക്കാമെന്നാണ് ഏറ്റത്. മുറിയിലിരുത്തി ഫോണിലൂടെ പഠിപ്പിക്കുന്നതിനിടെ, പ്രതി കുട്ടിയോട് സ്വകാര്യഭാഗങ്ങളില്‍ പിടിക്കാന്‍ ആവശ്യപ്പെട്ടു. ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട് ഈ ദൃശ്യങ്ങള്‍ കുട്ടിയുടെ മുത്തശ്ശിക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മുത്തശ്ശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രതിയെ കണ്ടെത്താനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി മലേഷ്യയിലുണ്ടെന്ന് കണ്ടെത്തിയ പോലീസ്, റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് മലേഷ്യന്‍ പോലീസിന്റെ സഹായത്തോടെ ചെന്നൈയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇരയും പ്രതിയും നേരില്‍ കണ്ടിട്ടില്ലെന്ന പ്രത്യേകതയും കേസിനുണ്ട്. അതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന്‍ ശേഖരിച്ചത്.