‘പുലരുംവരെ മൃതദേഹത്തോട് സംസാരിച്ചു’; ക്രൂരകൊലയ്ക്ക് കാരണം ഭാര്യയുടെ ആധിപത്യമെന്നും വാദം

0
1447

ബെംഗളൂരു: കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊന്ന് സ്യൂട്ട്കെയ്സിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേദ്കറെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിനുള്ളിലായിരുന്നു രാകേഷിന്റെ ഭാര്യ ഗൗരി അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ബാത്ത് റൂമിൽ കൊണ്ടുവെച്ചിരുന്ന സ്യൂട്ട്കെയ്സിലായിരുന്നു മൃതദേഹം. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കമുണ്ടായെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഒരുമാസം മുമ്പാണ് ഇരുവരും മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം ഒരുക്കിയ ശേഷമാണ് തങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്നതെന്നാണ് രാകേഷ് പറഞ്ഞത്. ചോറും ഗ്രേവിയുമാണ് ഗൗരി ഉണ്ടാക്കിയത്. രാത്രി ഒൻപത് മണിയോടെയാണ് ഇരുവർക്കുമിടയിൽ വഴക്ക് ഉണ്ടാകുന്നത്. വഴക്കിനിടയിൽ രാകേഷ് ഗൗരിയുടെ ചെകിട്ടത്ത് അടിച്ചു. ഇതിന് പ്രതികാരമായി അടുക്കളയിൽ നിന്ന് കത്തിയുമായി ഗൗരി എത്തി.

ഇത് രാകേഷിന് നേരെ എറിഞ്ഞു. കത്തിയേറിൽ ചെറുതായി പരിക്കേറ്റ രാകേഷ് രോഷാകുലനായി അതേ കത്തിയെടുത്ത് ഗൗരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിൽ രണ്ടുതവണയും വയറ്റിൽ ഒരുതവണയുമാണ് ഗൗരിയ്ക്ക് വെട്ടേറ്റത്.

രാകേഷിന്റെ ശരീരത്തിൽ ഗൗരിയുടെ നഖപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ ഗൗരിയുടെ ബോധം മറയുന്നതിന് മുമ്പേ വലിയൊരു സ്യൂട്ട്കേയ്സ് വലിച്ചിഴച്ച് കൊണ്ട് വന്ന് രാകേഷ് അവരെ അതിലാക്കിയതായാണ് വിവരം. ജീവനോടെ ഗൗരിയെ സ്യൂട്ട്കേയ്സിലാക്കിയെന്നാണ് ഫൊറൻസിക് വിദഗ്ദരും കരുതുന്നത്. ഇതിനുള്ള തെളിവും ലഭിച്ചതായാണ് വിവരം.

മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ ഭാരം കൊണ്ട് സ്യൂട്ട്കേയ്സിന്റെ കൈ പൊട്ടിപ്പോകുകയായിരുന്നു. ഇതെത്തുടർന്ന് തന്റെ ആദ്യത്തെ പ്ലാൻ അദ്ദേഹം മാറ്റി. സ്യൂട്ട്കേയ്സ് ബാത്ത്റൂമിലേക്ക് മാറ്റി. ശേഷം വീട് പുറത്ത് നിന്ന് പൂട്ടി തന്റെ കാറിൽ പുറത്തേക്ക് പോയി. അർധരാത്രി 12.45-ഓടെയായിരുന്നു ഇയാൾ പുറത്തേക്ക് പോകുന്നത്. നഗരം വിടുന്നതിന് മുമ്പ് ഇയാൾ ഫോൺ ഓഫാക്കാനും മറന്നില്ല.

മുംബൈയിലുള്ള രക്ഷിതാക്കളുടെ അടുക്കലേക്ക് പോകുകയായിരുന്നു രാകേഷിന്റെ ഉദ്ദേശ്യം. പുണെയിലേക്കുള്ള വഴിയിൽ വെച്ച് രാകേഷ് ഫോൺ ഓണാക്കി ഗൗരിയുടെ സഹോദരൻ ഗണേഷ് അനിൽ സംഭരേക്കറെ വിളിച്ചു. താൻ ഗൗരിയെ കൊലപ്പെടുത്തി എന്ന കാര്യം പറഞ്ഞ് വീണ്ടും ഫോൺ ഓഫ് ആക്കുകയായിരുന്നു.